Your Image Description Your Image Description

കൊല്ലം: കൊല്ലം പൂരത്തിലെ കുടമാറ്റത്തിൽ ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയത് സ്വകാര്യ വ്യക്തികളാണെന്ന് ദേവസ്വം ബോർഡിന്റെ അന്വേഷണ റിപ്പോർട്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് കൊല്ലം അസിസ്റ്റൻ്റ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ. ഇതിനായി ക്ഷേത്രോപദേശക സമിതി നിർദേശം നൽകിയിട്ടില്ലെന്നും ബോർഡിന്റെ റിപ്പോർട്ടിലുണ്ട്. വിവരങ്ങൾ ദേവസ്വം ബോർഡ് അധികൃതർക്ക് കൈമാറി. തിങ്കളാഴ്ച ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം വിഷയം ചർച്ച ചെയ്യും.

സംഭവത്തിൽ ഇന്നലെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. റിലീജയ്സ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് 3, 4 ,5 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന കൊല്ലം പൂരത്തിന്റെ കുടമാറ്റത്തിലാണ് ആർ എസ് എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ ചിത്രം പ്രിന്റ് ചെയ്ത കുട ഉയർത്തിയത്. നവേത്ഥാന നായകരുടെ ചിത്രം പ്രിന്റ് ചെയ്ത കുടകൾ ഉയർത്തുന്നതിനിടെയാണ് ഹെഡ്ഗേവാറിന്‍റെ ചിത്രം അടങ്ങിയ കുട ഉയർത്തിയത്. സംഭവം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.

ഉത്സവങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി നിർദേശം മറികടന്നാണ് കൊല്ലം പൂരത്തിൽ ആർ എസ് എസ് നേതാവിന്റെ ചിത്രം ഉയർത്തിയത് എന്ന വിമർശനമാണ് ഉയരുന്നത്. പൂരത്തിലെ കുടമാറ്റത്തിൽ ശ്രീനാരായണ ഗുരു, ബിആര്‍ അംബേദ്ക്കര്‍, സുഭാഷ് ചന്ദ്ര ബോസ്, സ്വാമി വിവേകാനന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത കുടകൾ ഉയർത്തിയിരുന്നു. ഇക്കൂട്ടത്തിലാണ് ഹെഡ്ഗേവാറിന്‍റെ ചിത്രവും ഉയര്‍ത്തിയത്. സംഭവത്തിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പന്തളം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.

ക്ഷേത്രത്തിലെ ആചാരചടങ്ങുകൾക്കിടെ രാഷ്ട്രീയ ചിഹ്നങ്ങൾ ഉപയോ​ഗിക്കരുതെന്ന ഹൈക്കോടതി നി‍ർദ്ദേശങ്ങളുടെ ലംഘനമാണ് ഉണ്ടായിരിക്കുന്നത് എന്ന് ചൂണ്ടികാട്ടിയാണ് കേസെടുത്തിരിക്കുന്നത്. കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അലോഷി സേവ്യര്‍ വിപ്ലവ ഗാനങ്ങള്‍ പാടിയ സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടിരുന്നു. കോടതി ഇടപെട്ടതിന് പിന്നാലെയായിരുന്നു നടപടി. ഇതിനുപിന്നാലെ കൊല്ലം കോട്ടുങ്കൽ ദേവീ ക്ഷേത്രോത്സവത്തിനിടെയുള്ള ഗാനമേളയിൽ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവവും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇവിടത്തെ ക്ഷേത്രോപദേശക സമിതിയെയും പിരിച്ചുവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *