Your Image Description Your Image Description

ഫേസ്ബുക്ക് ഉപഭോക്താക്കളുടെയെല്ലാം ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഉള്ളവരെ ഒറ്റ ദിവസം കൊണ്ട് നീക്കം ചെയ്യാൻ മെറ്റാ പ്ലാറ്റ്‌ഫോംസ് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ട്. പിന്നീട് അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു. 2022 ല്‍ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ സുഹൃത്തുക്കളെയെല്ലാം നീക്കം ചെയ്ത് ഉപഭോക്താക്കളെ ആദ്യം തൊട്ട് സൗഹൃദ വലയം ആരംഭിക്കാന്‍ പ്രേരിപ്പിക്കുകയെന്ന ആശയം സക്കര്‍ബര്‍ഗ് മുന്നോട്ട് വെച്ചിരുന്നുവെന്ന് ഫോര്‍ച്യൂണ്‍ റിപ്പോർട്ട് പറയുന്നു.

വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തുവെന്ന കേസില്‍ നടക്കുന്ന ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ വിചാരണയ്ക്കിടെ പങ്കുവെച്ച ചില തെളിവുകളെ ആധാരമാക്കിയാണ് ഈ വിവരം. കൗമാരക്കാര്‍ക്കിടയില്‍ ജനപ്രീതി വര്‍ധിച്ച ഇന്‍സ്റ്റഗ്രാമുമായി മത്സരിക്കുന്നതിന് വേണ്ടി ഫെയ്‌സ്ബുക്കില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ക്കിടെയാണ് ഇത്തരം ഒരു ആശയം സക്കര്‍ബര്‍ഗ് മുന്നോട്ട് വെച്ചത്. എന്നാല്‍ ഫേസ്ബുക്കിന്റെ ചുമതലയുണ്ടായിരുന്ന ടോ ആലിസണ്‍ ഉള്‍പ്പടെയുള്ളവര്‍ ഈ നിര്‍ദേശത്തോട് അനുകൂലിച്ചില്ല.

സമാനമായി, സൗഹൃദവലയത്തെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തന മാതൃകയില്‍ നിന്ന് മാറി ഇന്‍സ്റ്റാഗ്രാമിന് സമാനമായ ഫോളോവര്‍ അധിഷ്ഠിത ശൈലിയിലേക്ക് ഫെയ്‌സ്ബുക്കിനെ പരിവര്‍ത്തനം ചെയ്യാനും സക്കര്‍ബര്‍ഗ് ആലോചിച്ചിരുന്നു. എന്നാല്‍ ഈ രണ്ട് ആശയങ്ങളും കമ്പനി നടപ്പിലാക്കിയില്ല. ഡിജിറ്റല്‍ ലോകത്ത് ഫെയ്‌സ്ബുക്കിന്റെ മേധാവിത്വം നിലനിര്‍ത്താന്‍ കമ്പനി ശ്രമിച്ചിരുന്നുവെന്നതിന്റെ തെളിവായാണ് സക്കര്‍ബര്‍ഗിന്റെ ഈ ഈമെയില്‍ സന്ദേശങ്ങള്‍ വിലയിരുത്തപ്പെടുന്നത്. വിപണിയിലെ ആധിപത്യം മെറ്റ ( മുമ്പ് ഫെയ്‌സ്ബുക്ക് ) ദുരുപയോഗം ചെയ്തിരുന്നുവെന്നാണ് ഇപ്പോള്‍ നടക്കുന്ന കേസിലെ മുഖ്യ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *