Your Image Description Your Image Description

ന്യൂഡൽഹി: പാക് സൈനിക മേധാവിയുടെ വിവാ​ദ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. അനധികൃതമായി കൈവശം വെച്ച കശ്മീരിന്റെ ഭാഗം ഇന്ത്യയ്‌ക്ക് വിട്ടുനൽകണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പാകിസ്ഥാനോട് ആവശ്യപ്പെട്ടു. പാകിസ്ഥാന്റെ കഴുത്തിലെ സിരയാണ് കശ്മീർ എന്നായിരുന്നു പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിന്റെ പ്രസ്താവന.

നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശം ഒഴിയുക എന്നതാണ് കശ്മീരുമായുള്ള പാകിസ്ഥാന്റെ ഏക ബന്ധമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒരു വിദേശ രാജ്യം എങ്ങനെയാണ് കഴുത്തിലെ ഞരമ്പാകുക. കശ്മീർ ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമാണ്. പാകിസ്ഥാനുമായുള്ള അതിന്റെ ഏക ബന്ധം, ആ രാജ്യം നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശങ്ങൾ ഉപേക്ഷിക്കുക എന്നത് മാത്രമാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

വിദേശത്ത് താമസിക്കുന്ന പാകിസ്ഥാനികളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ വിവാദ പ്രസ്താവന നടത്തിയത്. കശ്മീരിനെ സംബന്ധിച്ച് പാകിസ്ഥാന്റെ നിലപാട് വ്യക്തമാണ്. കശ്മീർ പാകിസ്ഥാന്റെ കണ്ഠനാഡിയായിരുന്നു. ഇനിയും അത് അങ്ങനെ തന്നെയായിരിക്കും. ഒരിക്കലും ഞങ്ങൾ അത് മറക്കില്ല. കാശ്മീരി സഹോദരന്മാരുടെ വീരോചിതമായ പോരാട്ടത്തിൽ അവരെ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാക് പ്രവാസികൾ രാജ്യത്തിന്റെ അംബാസഡർമാരാണെന്നും അവർ ഉന്നത പ്രത്യയശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമാണെന്നത് മറക്കരുതെന്നും സൈനിക മേധാവി പറഞ്ഞു.

നിങ്ങൾ നിങ്ങളുടെ കുട്ടികൾക്ക് പാകിസ്ഥാന്റെ കഥ പറഞ്ഞു കൊടുക്കണം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമ്മൾ ഹിന്ദുക്കളിൽ നിന്ന് വ്യത്യസ്തരാണെന്ന് നമ്മുടെ പൂർവികർ കരുതിയിരുന്നു. നമ്മുടെ മതങ്ങൾ, ആചാരങ്ങൾ, പാരമ്പര്യങ്ങൾ, ചിന്തകൾ, ആ​ഗ്രഹങ്ങൾ എല്ലാം വ്യത്യസ്തമായിരുന്നു. അതായിരുന്നു ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ അടിത്തറയെന്നും ജനറൽ മുനീർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *