Your Image Description Your Image Description

ന്യൂഡൽഹി: മെഹുൽ ചോക്സിയെ ബൽജിയം അറസ്റ്റു ചെയ്തത് ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമായിരുന്നു എന്ന് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. മെഹുൽ ചോക്സി നിലവിൽ തടവിലാണെന്നാണ് ബൽജിയം അറിയിച്ചതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സവാൾ അറിയിച്ചു. ചോക്സിയെ വിട്ടുകിട്ടുന്നതിനുള്ള നിയമനടപടികൾ തുടങ്ങിയതായും വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.

ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ നേരിട്ടുള്ള വിമാന സർവ്വീസ് പുനസ്ഥാപിക്കുമെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. പ്രധാനമന്ത്രിക്കും പ്രസിഡൻറ് ഷി ജിൻപിങിനും ഇടയിൽ നടന്ന ചർച്ചയിൽ ഇക്കാര്യം ഉയർന്നിരുന്നെന്നും രൺധീർ ജയ്സ്വാൾ വിശദീകരിച്ചു.

ഇന്ത്യന്‍ രത്നവ്യാപാരി മെഹുല്‍ ചോക്​സിയെ പഞ്ചാബ് നാഷനല്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പുകേസില്‍ ദേശീയ ഏജന്‍സികളുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ് ചെയ്തത്. ചോക്സി ഭാര്യയ്ക്കൊപ്പം ബല്‍ജിയത്തിലെ ആന്‍റ്​വെര്‍പ്പില്‍ ഉണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിരുന്നു. ഇതേത്തുടര്‍ന്ന് ചോക്സിയെ വിട്ടുകിട്ടാന്‍ ഇന്ത്യ ബല്‍ജിയം സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. 2018 മേയ് 23നും 2021 ജൂണ്‍ 15നും ചോക്​സിക്കെതിരെ മുംബൈ കോടതി രണ്ട് ജാമ്യമില്ലാ വാറന്‍റുകള്‍ പുറപ്പെടുവിച്ചിരുന്നു.

ചോക്സിയുടെ ഭാര്യ പ്രീതിക്ക് ബല്‍ജിയം പൗരത്വമുണ്ട്. വ്യാജരേഖ നല്‍കി ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് ചോക്സി 13,500 കോടി രൂപ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ രാജ്യം വിട്ടുവെന്നാണ് കേസ്. ബൽജിയത്തിൽ താമസിക്കുന്നതിനുള്ള പെർമിറ്റിനായി മെഹുൽ ചോക്സി നൽകിയ രേഖകളും വ്യാജമാണെന്ന് ആരോപണമുണ്ട്. 2021ൽ ആന്റിഗ്വയിൽ നിന്നു മുങ്ങിയ മെഹുലിനെക്കുറിച്ചു പിന്നീടു വിവരമില്ലായിരുന്നു.

ബാങ്ക് വായ്പ തട്ടിപ്പുകേസിലെ മുഖ്യപ്രതി നീരവ് മോദിയുടെ സഹോദരീപുത്രനാണ് മെഹുല്‍ ചോക്സി. ലണ്ടൻ ജയിലിൽ കഴിയുന്ന നീരവിനെ വിട്ടുകിട്ടാൻ ഇന്ത്യ ബ്രിട്ടനിലെ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *