Your Image Description Your Image Description

കൊൽക്കത്ത: മുർഷിദാബാദിൽ ആക്രമണം നടത്താനായി പതിനായിരത്തോളം പേർ സംഘടിച്ചെന്ന് പശ്ചിമ ബം​ഗാൾ സർക്കാർ. മുർഷിദാബാദ് സംഘർഷം സംബന്ധിച്ച് സംസ്ഥാന സർക്കാർ കൽക്കട്ട ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ പേരിലാണ് ഒരുസംഘം ആളുകൾ മുർഷിദാബാദിൽ ആക്രമണം നടത്തിയത്.

ദേശീയപാത അടക്കം തടഞ്ഞാണ് ആക്രമണം നടത്തിയതെന്നും ബംഗാൾ സർക്കാരിൻറെ റിപ്പോർട്ടിലുണ്ട്. അക്രമകാരികൾ പൊലീസിന് നേരെ കല്ലേറ് നടത്തുകയും പൊലീസുകാരുടെ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചെന്നും സർക്കാർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രദേശത്തെ വീടുകൾ, ആരാധനാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയ്ക്ക് നേരെയും ആക്രമണം നടത്തി. നിലവിൽ സംഘർഷം നിയന്ത്രിക്കാൻ ആയെന്നും സർക്കാർ കോടതിയെ അറിയിച്ചു.

പ്രതിഷേധക്കാർ ആയുധങ്ങൾ കൈവശം വച്ചിരുന്നതായും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. പൊലീസിനു നേരെയും സംഘം അക്രമം അഴിച്ചുവിട്ടതായും റിപ്പോർട്ടിൽ പറയുന്നു. പ്രതിഷേധക്കാരിൽ നിന്ന് ഉദ്യോഗസ്ഥർക്ക് സംരക്ഷണമൊരുക്കാൻ കഴിഞ്ഞു. എന്നാൽ, മൂന്നു പേർ മരിച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ആഴ്ച മുർഷിദാബാദ് ജില്ലയിലെ ജംഗിപുരിലുണ്ടായ ആക്രമണത്തെ കുറിച്ചുള്ള വിശദാംശങ്ങളാണ് സംസ്ഥാന സർക്കാർ കോടതിയെ ധരിപ്പിച്ചത്. അയ്യായിരത്തോളം വരുന്ന സംഘം പൊലീസിനു നേരെ ആക്രമണം അഴിച്ചുവിട്ടെന്നും 34 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മുതിർന്ന ഉദ്യോഗസ്ഥന്റെ തോക്ക് അക്രമികൾ തട്ടിയെടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏകദേശം പതിനായിരത്തോളം പേർ മുർഷിദാബാദിലെ പിഡബ്ല്യുഡി ഗ്രൗണ്ടിൽ വഖഫ് നിയമ ഭേദഗതിക്കെതിരെ സംഘടിച്ചു. തുടർന്ന് ഒരു വിഭാഗം പ്രതിഷേധക്കാർ പിരിഞ്ഞുപോയി. ഏകദേശം 5000 പേർ ഉമർപൂർ ലക്ഷ്യമാക്കി നീങ്ങി ദേശീയ പാത ഉപരോധിച്ചു. അക്രമാസക്തരായ ജനക്കൂട്ടം അസഭ്യം പറയുകയും ഉദ്യോഗസ്ഥർക്ക് നേരെ ഇഷ്ടികകളും കല്ലുകളും എറിയുകയും ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *