Your Image Description Your Image Description

അന്തരിച്ച നടി ശ്രീവിദ്യയുടെ വിൽപത്രം തന്റെ പേരിലാണെങ്കിലും ആ പണമൊന്നും താൻ എടുത്തിട്ടില്ലെന്ന് മന്ത്രി കെ ബി ​ഗണേഷ് കുമാർ. ശ്രീവിദ്യയുടെ വിൽപത്രവുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശ്രീവിദ്യയുടെ സ്വത്തിൽ നിന്നും ഒരു മൊട്ടുസൂചി പോലും താൻ എടുത്തിട്ടില്ലെന്നാണ് ​ഗണേഷ് കുമാർ വ്യക്തമാക്കുന്നത്. ഒരു കേസിന്റെ പേരിൽ ആ​ദായനികുതി വകുപ്പ് സ്വത്തുക്കൾ പിടിച്ചുവെച്ചിരിക്കുകയാണെന്നും സ്വത്തുക്കൾ വിട്ടു കിട്ടിയാൽ വിൽപത്രത്തിൽ അവർ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്യുമെന്നും ​ഗണേഷ് കുമാർ പറയുന്നു. ഐഇ മലയാളത്തിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ​ഗണേഷ് കുമാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കെ ബി ​ഗണേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ..

”ശ്രീവിദ്യയുടെ എല്ലാ സ്വത്തുക്കളുടെയും വിൽപ്പത്രം എന്റെ പേരിലാണ് എഴുതി വച്ചത്. അതിന്റെ പേരിൽ ഞാൻ ഒരുപാട് ചീത്തപ്പേര് കേട്ടിട്ടുണ്ട്. അതൊരു രജിസ്റ്റേർഡ് വിൽപത്രമാണ്. ആ സ്വത്തിൽ ഒരു വ്യക്തിക്കും അവകാശമില്ല. അതിൽ ഒരിടത്തും ഗണേഷ് കുമാർ എന്ന വ്യക്തിക്ക് ഒരു ടേബിൾസ്പൂൺ പോലും ഇല്ല, ഒരു മൊട്ടുസൂചി പോലും ഇല്ല. എനിക്കത് അഭിമാനമുള്ള കാര്യമാണ്.”

‘ശ്രീവിദ്യയുടെ പേരിൽ ആദായനികുതി വകുപ്പിന്റെ ഒരു കേസുണ്ടായിരുന്നു. ആദായനികുതി വകുപ്പ് അവരുടെ എല്ലാ സ്വത്തുക്കളും കണ്ടെടുത്തു. അതിന് ശേഷം മദ്രാസിലുള്ള അവരുടെ ഒരു ഫ്‌ലാറ്റ് വിറ്റ് ആദായ നികുതി വകുപ്പിന് ലഭിക്കേണ്ടിയിരുന്നു പണം എടുത്തു. അതിന് ശേഷവും സ്വത്തുക്കൾ റിലീസ് ചെയ്യാതെ പിടിച്ചുവച്ചിരിക്കുകയാണ്. സ്വത്തുക്കൾ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.”

”ശ്രീവിദ്യ തന്റെ ഓർമ്മ നിലനിർത്താൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് വിൽപ്പത്രത്തിൽ എഴുതി വച്ചിട്ടുണ്ട്. എന്നാൽ അതൊന്നും ചെയ്യാനാവാത്ത വിധത്തിൽ അന്ന് മുതൽ സ്വത്തുക്കൾ പിടിച്ചുവച്ചിരിക്കുകയാണ്. സ്വത്തുക്കൾ വിട്ടു കിട്ടിയാൽ വിൽപത്രത്തിൽ അവർ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്യും. അവരുടെ അവസാന സമയങ്ങളിൽ അവരുടെ കൂടെ നിൽക്കാൻ കഴിഞ്ഞിട്ടുണ്ട്.”

”എന്റെ ആദ്യ സിനിമയിൽ അവരുണ്ട്. അന്ന് മുതൽ അവരുമായി നല്ലൊരു സ്‌നേഹ ബന്ധമുണ്ട്. അവർ രോഗബാധിതയായി കിടക്കുമ്പോൾ എല്ലാ കാര്യത്തിനും ഞാനാണ് കൂടെ നിന്നത്. ഒരു കലാകാരി എന്നെ പോലൊരു വ്യക്തിയെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തതിൽ വളരെ സന്തോഷമുണ്ട്”

ശ്രീവിദ്യയുടെ സ്വത്തുമായി ബന്ധപ്പെട്ട വിവാദം ഇങ്ങനെ:

നടിയുടെ സ്വത്തുവകകൾ സംബന്ധിച്ച് ഗണേഷ് കുമാറിനെതിരെ ശ്രീവിദ്യയുടെ സഹോദര ഭാര്യ വിജയലക്ഷ്മി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ശ്രീവിദ്യയുടെ സ്വത്തുക്കളുടെ പവർ ഓഫ് അറ്റോണി ഗണേഷിന്റെ പേരിലാണെന്നും ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കൾക്ക് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും ആയിരുന്നു വിജയലക്ഷ്മി പറഞ്ഞത്.

സ്വത്തുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നെന്ന് കാണിച്ച് 2012ൽ ശ്രീവിദ്യയുടെ ബന്ധുക്കൾ ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. 2015ൽ നടിയുടെ സഹോദരൻ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയിരുന്നു. എന്നാൽ ശ്രീവിദ്യയുടെ സ്വത്തുക്കളിൽ ഭൂരിഭാഗവും നികുതിവകുപ്പിന്റെ കയ്യിലാണെന്നും ലോകായുക്തയിൽ നേരത്തെ ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *