Your Image Description Your Image Description

നെയ്റോബി: അയ്യായിരത്തോളം ഉറുമ്പുകളെ ടെസ്റ്റ് ട്യൂബുകളിലാക്കി കടത്താൻ ശ്രമിച്ചതിന് കെനിയയിൽ നാല് പേർ പിടിയിൽ. ബെൽജിയത്തിൽ നിന്നുള്ള രണ്ട് പേരും വിയറ്റ്നാമിൽ നിന്നുള്ള ഒരാളും ഒരു കെനിയക്കാരനുമാണ് വെവ്വേറെ കേസുകളിലായി പിടിയിലായത്. നാല് പേരെയും കെനിയയിലെ നെയ്റോബിയിലെ ജോമോ കെനിയാട്ട അന്താരാഷ്ട്ര വിമാനത്താവള കോടതിയിൽ ഹാജരാക്കി.

ജയന്‍റ് ആഫ്രിക്കൻ ഹാർവസ്റ്റർ ഉറുമ്പുകൾ എന്ന് വിളിക്കപ്പെടുന്ന അപൂർവ്വ മെസ്സർ സെഫലോട്ട്സ് ഇനത്തിൽപ്പെട്ട ജീവനുള്ള റാണി ഉറുമ്പുകളെയാണ് ഇവർ കടത്തിയത്. പഞ്ഞി നിറച്ച ടെസ്റ്റ് ട്യൂബിൽ ഒന്നോ രണ്ടോ റാണി ഉറുമ്പുകളെയാണ് കണ്ടെത്തിയത്. ഇത്തരത്തിൽ 2244 ടെസ്റ്റ് ട്യൂബുകൾ പോലീസ് പിടിച്ചെടുത്തു. ആകെ അയ്യായിരത്തോളം ഉറുമ്പുകളാണ് ഇവയിൽ ഉണ്ടായിരുന്നത്.

ഏപ്രിൽ 5 നാണ് 5,000 ഉറുമ്പുകളുമായി 19 വയസ്സുള്ള ലോർനോയ് ഡേവിഡും സെപ്പെ ലോഡ്വിജ്ക്സും പിടിയിലായത്. വിനോദത്തിനായാണ് ഉറുമ്പുകൾ ശേഖരിച്ചതെന്നും അത് നിയമവിരുദ്ധമാണെന്ന് അറിഞ്ഞില്ലെന്നും ഇവർ മജിസ്ട്രേറ്റിനോട് പറഞ്ഞു. മറ്റൊരു കേസിൽ, 400 ഉറുമ്പുകളെ കൈവശം വച്ചതിന് കെനിയക്കാരൻ ഡെന്നിസ് എൻഗാങ്‌ഗ, വിയറ്റ്നാം പൌരൻ ദു ഹങ് എൻഗുയെൻ എന്നിവരെ പിടികൂടി.

യൂറോപ്പിലേക്കും ഏഷ്യയിലേക്കുമാണ് ഇവർ ഉറുമ്പുകളെ കടത്തിയിരുന്നതെന്ന് കെനിയ വൈൽഡ് ലൈഫ് സർവീസ് അറിയിച്ചു. കെനിയയുടെ ജനിതക വിഭവങ്ങൾ അനുവാദം ഇല്ലാതെ കടത്താൻ ശ്രമിച്ചു അടക്കമുള്ള കുറ്റങ്ങൾ ചുമത്തി. ബയോപൈറസിക്കെതിരായ പോരാട്ടത്തിലെ നാഴികക്കല്ല് എന്നാണ് കെനിയ വൈൽഡ് ലൈഫ് സർവീസ് ഈ കേസിനെ വിശേഷിപ്പിച്ചത്. നേരത്തെ ആനകൾ, കാണ്ടാമൃഗങ്ങൾ തുടങ്ങിയ വലിയ വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങൾ കടത്തുന്നതിനെതിരെ കെനിയ നിയമ നടപടിയെടുത്തിട്ടുണ്ട്. എന്നാൽ വലിയ സസ്തനികളുടെ ഭാഗങ്ങളല്ല പാരിസ്ഥിതികമായി നിർണായകമായ ജീവികളെ കടത്തുക എന്നതാണ് നിലവിലെ ട്രെൻഡെന്ന് കെനിയ വൈൽഡ് ലൈഫ് സർവീസ് നിരീക്ഷിച്ചു.

ഏകദേശം ആറര ലക്ഷം രൂപയ്ക്കാണ് (7,700 ഡോളർ) ഈ അപൂർവ്വ ഉറുമ്പുകളുടെ വിൽപ്പനയെന്ന് കെനിയൻ അധികൃതർ കണക്കുകൂട്ടുന്നു. മണ്ണിനെ സമ്പുഷ്ടമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു എന്നതാണ് ഈ ഇനം ഉറുമ്പുകളുടെ പ്രത്യേകത. നിയമപരമായി അല്ലാതെ ജൈവ വൈവിധ്യം കടത്തിക്കൊണ്ടുപോകുന്നത് തടയുമെന്ന് കെനിയ വൈൽഡ് ലൈഫ് സർവീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *