Your Image Description Your Image Description

ന്യൂയോർക്ക്: ആണവായുധം നിർമ്മിക്കാൻ ഇറാന് ഇനി അധികനാൾ വേണ്ടെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി. ആണവായുധം നിർമ്മിക്കാനാവശ്യമായ എല്ലാ ഘടകങ്ങളും ഇറാന്റെ പക്കലുണ്ടെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റഫായേൽ ഗ്രോസി വ്യക്തമാക്കി. ഏത് സമയത്ത് വേണമെങ്കിലും ഇറാന് ആണവായുധം സ്വന്തമാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രഞ്ച് മാധ്യമമായ ലെ മോണ്ടെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ തലവൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

ആണവ പദ്ധതികളുമായി ചർച്ചയ്ക്കായി ഇറാനിലേക്ക്‌ തിരിക്കുന്നതിന് മുമ്പാണ് ഗ്രോസിയുടെ ഈ പരാമർശം. ആണവ പദ്ധതിയിലെ പുരോഗതികൾ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഗ്രോസി ഇറാനിലേക്ക് പോകുന്നത്. ആണവായുധം നിർമിക്കുക എന്നത് ജിഗ്‌സോ പസിൽ പോലെയാണ്. ഇറാന്റെ പക്കൽ ഇപ്പോൾ അതിനുള്ള എല്ലാ സാമഗ്രികളുമുണ്ട്. ഇനി അവയെ ഒന്നിപ്പിക്കുക മാത്രമേ വേണ്ടു. അണുബോംബ് ഉണ്ടാക്കുന്നതിൽ നിന്ന് അധികം അകലെയല്ല അവർ. അതെപ്പോൾ വേണമെങ്കിലും നടന്നേക്കാമെന്നാണ് ഗ്രോസി പറയുന്നത്.

യുഎന്നിന്റെ കീഴിലുള്ള സ്വതന്ത്ര സംഘടനയാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസി ( ഐ.എ.ഇ.എ). 2015ൽ യു.എന്നിലെ അഞ്ച് രക്ഷാസമിതി സ്ഥിരാംഗങ്ങളുമായി ചേർന്ന് ഒപ്പുവെച്ച ഉടമ്പടി പ്രകാരം ഇറാന്റെ ആണവ പദ്ധതികൾ നിരീക്ഷിക്കുന്ന ഏജൻസിയാണ് ഐ.എ.ഇ.എ. ബരാക്ക് ഒബാമ യു.എസ് പ്രസിഡന്റായിരുന്ന സമയത്താണ് സുപ്രധാനമായ ഉടമ്പടി യാഥാർഥ്യമായത്. എന്നാൽ പിന്നാലെ അധികാരത്തിൽ വന്ന ഡൊണാൾഡ് ട്രംപ് 2015ൽ ഈ ഉടമ്പടിയിൽ നിന്ന് പിന്മാറി.

രണ്ടാമതും അധികാരത്തിൽ വന്നതിന് പിന്നാലെ പുതിയ കരാറിനായി ഇറാനെ നിർബന്ധിക്കുകയാണ് ട്രംപ് ചെയ്യുന്നത്. എന്നാൽ ഭീഷണിക്ക് വഴങ്ങില്ലെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് റഫായേൽ ഗ്രോസിയുടെ പ്രസ്താവന വരുന്നത്. ഇറാൻ –യുഎസ് ആണവചർച്ചയുടെ അടുത്ത ഘട്ടം റോമിൽ നടക്കുമെന്ന് കഴിഞ്ഞ ദിവസം ഇറാൻ വ്യക്തമാക്കിയിരുന്നു. ഒമാന്റെ മധ്യസ്ഥതയിലാണ് റോമിൽ ശനിയാഴ്ച്ച ചർച്ച നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *