Your Image Description Your Image Description

വളാഞ്ചേരി (മലപ്പുറം): സഹപ്രവര്‍ത്തകരുടെ പ്രോവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടിലെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍. കാടാമ്പുഴ എയുപി സ്‌കൂളിലെ അറബിക് അധ്യാപകനായ ചെമ്മലശ്ശേരി തച്ചിങ്ങാടന്‍ സെയ്തലവി (45) യെ ആണ് ഇയാളുടെ വീട്ടില്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ചെ കാടാമ്പുഴ പോലീസ് അറസ്റ്റ്ചെയ്തത്. സഹാധ്യാപകരുടെ പിഎഫ് അക്കൗണ്ടുകള്‍ ഹാക്ക്‌ ചെയ്താണ് ഇയാള്‍ പണം മാറ്റാന്‍ ശ്രമിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തി.

സ്‌കൂളിലെ പ്രഥമാധ്യാപികയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് സെയ്തലവി പലരുടെയും പണം വകമാറ്റാന്‍ ശ്രമിച്ചത്. 2032-ല്‍ വിരമിക്കുന്ന ഒരു അധ്യാപിക വൊളന്ററി റിട്ടയര്‍മെന്റ് എടുക്കുകയാണെന്നും പിഎഫ് ക്ലോസ് ചെയ്യണമെന്നും കാണിച്ച് പ്രോവിഡന്റ് ഫണ്ട് ക്ലോഷര്‍ അപേക്ഷ വിദ്യാഭ്യാസ ഓഫീസിലേക്കയച്ചു. അതേക്കുറിച്ച് ഓഫീസില്‍നിന്ന് അന്വേഷിച്ചപ്പോഴാണ് അക്കൗണ്ടില്‍നിന്ന് പണം മാറ്റാന്‍ ഓണ്‍ലൈന്‍ അപേക്ഷ ഉണ്ടായിരുന്നതായി അറിയുന്നത്. ഉടന്‍ തന്നെ വിവിധ തലങ്ങളില്‍ പരാതി നല്‍കി വിശദമായ അന്വേഷണം നടത്തുകയായിരുന്നുവെന്ന് പ്രഥമാധ്യാപിക ബി. കുഞ്ഞീമ പറഞ്ഞു.

പിഎഫില്‍നിന്ന് പണമെടുക്കാന്‍ ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കൊപ്പം മേലധികാരി സാക്ഷ്യപ്പെടുത്തിയ യഥാര്‍ഥ രേഖകളും വേണം. അതു നല്‍കാത്തതിനാല്‍ ആരുടെയും പണം നഷ്ടമായിട്ടില്ല. സെയ്തലവിക്കെതിരേ മോഷണമുള്‍പ്പെടെ എട്ടോളം കേസുകളുണ്ടെന്നും 2018 മുതല്‍ ഇയാള്‍ സസ്പെന്‍ഷനിലാണെന്നും അവര്‍ പറഞ്ഞു. അതിനിടെ സൈതലവി തിരൂര്‍ കോടതിവളപ്പില്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസില്‍നിന്ന് രക്ഷപ്പെട്ട ഇയാള്‍ കോടതിവളപ്പില്‍നിന്ന് പുറത്തേക്കോടി അടുത്തുള്ള കടയ്ക്കുസമീപം ഒളിക്കാന്‍ ശ്രമിച്ചു.

എന്നാല്‍, പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്‍ഡ്‌ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് കാടാമ്പുഴ പോലീസ് പറഞ്ഞു. മറ്റുള്ളവരുടെ അക്കൗണ്ടുകള്‍ ഹാക്ക്ചെയ്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം അയക്കാന്‍ ശ്രമിച്ചത് എന്തിനാണെന്നും അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *