Your Image Description Your Image Description

ടെൽ അവീവ്: ഗാസയുടെ മൂന്നിലൊന്ന് ഭാഗവും പൂർണമായി ഇസ്രയേൽ സൈന്യത്തിൻറെ നിയന്ത്രണത്തിലായി. മൊറാഗ് ഇടനാഴി വികസിപ്പിക്കുകയാണെന്നും ഇസ്രയേൽ ഭരണകൂടം വ്യക്തമാക്കി. തെക്കൻ ഗാസയിലെ വിഭജന രേഖയാണ് മൊറാഗ് ഇടനാഴി. ഗാസയിലെ ഏറ്റവും പ്രധാനപ്പെട്ട സിറ്റിയായിരുന്ന ഖാൻ യൂനിസ് ഇസ്രയേൽ ആക്രമണത്തിൽ ജനവാസ യോ​ഗ്യമല്ലാതായെന്നും റിപ്പോർട്ടുണ്ട്.

ഈജിപ്ഷ്യൻ അതിർത്തിയോടുചേർന്ന റാഫയ്ക്കും തെക്കൻ ഗാസയിലെ വലിയ നഗരമായ ഖാൻ യൂനിസിനുമിടയിലാണ് ഇടനാഴി നിർമ്മിച്ചിട്ടുള്ളത്. റാഫയെയും ഖാൻ യൂനിസിനെയും വിഭജിക്കുന്ന മൊറാഗ് ഇടനാഴിയുടെ ഒരു ഇൻഫോഗ്രാഫിക് വീഡിയോയും ഇസ്രയേൽ പുറത്തുവിട്ടിട്ടുണ്ട്. മൊറാഗ് പണ്ടുണ്ടായിരുന്ന ഇസ്രയേലി കുടിയേറ്റ കേന്ദ്രമാണ്. പലസ്തീൻ നഗരങ്ങളായ ഖാൻ യൂനിസിനും റഫാക്കും ഇടയിലായിരുന്നു അത്. ഇങ്ങനെയൊരു ഇടനാഴി സ്ഥാപിച്ചതിൽ ഗാസയുടെ സുഫ അതിർത്തിയും മൊറാഗുമായി ബന്ധിപ്പിച്ചിരുന്ന പഴയ വഴി തുറക്കൽ കൂടിയായിരുന്നു ലക്ഷ്യം. മൊറാഗ് ഇടനാഴി നിർമ്മിച്ചതോടെ ഗാസ തെക്ക് – വടക്ക് – മധ്യം എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ടു. ഇതോടെ നഗരങ്ങളിലൂടെ ഗാസക്കാർക്ക് യാത്രകൾ അസാധ്യമായിരിക്കുകയാണ്.

ഗാസയിലെ ഏറ്റവും പ്രധാനപ്പെട്ട സിറ്റിയായിരുന്ന ഖാൻ യൂനിസ് തകർന്ന് തരിപ്പണമായി ഒന്നും അവശേഷിക്കാത്ത പ്രേതനഗരമായി മാറിയ കാഴ്ച ഇസ്രയേൽ പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ട്. അവശേഷിക്കുന്ന ഗാസയെ രണ്ടായി വിഭജിക്കുകയും ബന്ദികളെ തിരിച്ച് കിട്ടുന്നതുവരെ ആക്രമണം രൂക്ഷമാക്കുകയുമാണ് ലക്ഷ്യമെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിട്ടുണ്ട്.

2023 ഒക്ടോബർ 7 ന് ആരംഭിച്ച യുദ്ധവും തുടർന്നുണ്ടായ വംശഹത്യയെ സംബന്ധിക്കുന്ന എല്ലാ ആരോപണങ്ങളും ഇസ്രായേൽ നിരന്തരം നിഷേധിച്ചിട്ടുണ്ട്. എന്നാൽ ഒന്നര വർഷമായി ആക്രമം തുടരുകയാണ്. 50,000 ത്തിലധികം ആളുകൾ മരിച്ചു എന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. മാർച്ച് 18 ന് വീണ്ടു ആരംഭിച്ച വ്യോമാക്രമണം ഇന്നും ഗാസയിൽ തുടരുകയാണ്.

യുദ്ധം ആരംഭിച്ചതിന് ശേഷം ഏറ്റവും വലിയ പ്രതിസന്ധിയിൽ കൂടിയാണ് ഗാസ നിലവിൽ കടന്നുപോകുന്നതെന്നാണ് യുഎൻ റിപ്പോർട്ട്.ഇസ്രയേൽ ഉപരോധം കാരണം ​ഗാസയിലുള്ള പലസ്തീനികൾക്ക് അവശ്യ സാധനങ്ങൾക്ക് പോലും ക്ഷാമം നേരിടുകയാണ്. ജീവൻ രക്ഷാ മരുന്നുകൾക്ക് പോലും ക്ഷാമമുണ്ടാകും എന്നാണ് റെഡ് ക്രോസ് ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *