Your Image Description Your Image Description

തിരുവനന്തപുരം: സിനിമാസംഘടനകളിൽ പരാതി നൽകിയത് സംഘടനയെ വിശാസിച്ചാണെന്നും നടന്റെ പേരോ സിനിമയുടെ പേരോ വെളിപ്പെടുത്തി സ്വകാര്യതയെ ഹനിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് മാധ്യങ്ങളോട് സംസാരിക്കവെ നടി വിൻസി അലോഷ്യസ് പറഞ്ഞു. വളരെ രഹസ്യമായിട്ടാണ് പരാതി സമർപ്പിച്ചതെന്നും നടി വിൻസി അലോഷ്യസ്‍ പറഞ്ഞു. ആരോപണം സിനിമയ്ക്കെതിരെയല്ല, നടനെതിരെയാണെന്നും വിൻസി പ്രതികരിച്ചു. സിനിമ സെറ്റിലെ എല്ലാവരും നന്നായി സഹകരിച്ചു. സംഭവത്തിൽ നടന് സംവിധായകൻ താക്കീത് നൽകിയിരുന്നുവെന്നും വിൻസി പ്രതികരിച്ചു. നടനെതിരെ പോലീസിൽ പരാതി നൽകില്ല. കൂടെ നിന്ന എല്ലാവർക്കും നന്ദിയെന്നും വിൻസി പറഞ്ഞു.

‘ഞാനിതൊന്നും പുറത്തു പറഞ്ഞിട്ടില്ല. ഞാന്‍ സമര്‍പ്പിക്കേണ്ട പരാതി എവിടെയാണ് സമര്‍പ്പിച്ചതെന്നും അത് വളരെ സീക്രട്ടായിട്ടുള്ള ഒരു പരാതിയായിരുന്നുവെന്നും വിശ്വസിച്ചാണ് ഞാന്‍ പരാതി നല്‍കിയത്. അതെങ്ങനെ ലീക്കായെന്ന് എനിക്കറിയില്ല. ഞാനായിട്ട് നടന്‍റെ പേരോ സിനിമയുടെ പേരോ പറയാനുദ്ദേശിച്ചിട്ടില്ല. പരാതി കൊടുക്കണമെന്ന് ഞാന്‍ വിചാരിച്ചതല്ല. പക്ഷേ ഇതിനൊരു പ്രൊസീജ്യറുണ്ട്. ഞാനെന്‍റെ നിലപാട് പറഞ്ഞു. അതിന് ഞാന്‍ വിചാരിച്ചതിന് അപ്പുറം മീഡിയ കവറേജ് ലഭിച്ചു. ഇതിന് ഉത്തരം പറയേണ്ട കുറേ ആളുകളുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് ഉത്തരം പറയേണ്ട കുറേയാളുകളുണ്ട്. അവര്‍ക്ക് ഇതിനെപ്പറ്റി അന്വേഷിച്ചേ പറ്റൂ. അതിന് വേണ്ടി ഞാന്‍ പരാതി സമര്‍പ്പിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെയാണ് പരാതി നല്‍കിയത്. ഞാന്‍ ആരോപണം ഉന്നയിക്കുന്നത്. സിനിമക്കെതിരെയല്ല, നടനെതിരെയാണ്. എന്‍റെ കരിയറിൽ എന്നെ ഏറ്റവും നന്നായി പരിഗണിച്ച സിനിമ സെറ്റായിരുന്നു ഈ സിനിമ. അവിടെയൊരു ഐസി ഉണ്ടായിരുന്നു. നടനുമായി സംവിധായകരുള്‍പ്പെടെയുള്ളവര്‍ സംസാരിക്കുകയും താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഐസി മെമ്പര്‍ വന്ന് എന്നോട് പരാതിയുണ്ടോ എന്ന് ചോദിച്ചിരുന്നു.” സിനിമയുടെ ഭാവി മുന്നില്‍ കണ്ട് ഞാനാണ് പരാതിയില്ലെന്ന് പറഞ്ഞതെന്നും വിന്‍സി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *