Your Image Description Your Image Description

കൊച്ചി:സീറോ മലബാർ സഭയുടെ ഏറ്റവും പ്രിയങ്കരനായ വലിയ പിതാവ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഈ 19-ആം തീയതി എൺപത് വയസ്സ് തികയുന്നു. എല്ലാവരെയും ചേർത്തുനിർത്തിക്കൊണ്ട്, ഇടയശുശ്രൂഷ നിർവ്വഹിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്ന മെത്രാന്മാർ അവരുടെ ഉത്തരവാദിത്വങ്ങളോട് എങ്ങനെ നീതി പുലർത്തുവാൻ സാധിക്കും എന്ന ചോദ്യത്തിന് മാതൃകയാണ് മാർ ആലഞ്ചേരി.

വിശ്വാസത്തോടെ ദൈവത്തിന്റെ ആഹ്വാനത്തെ തിരിച്ചറിയുകയും സ്വീകരിക്കുകയും ചെയ്ത വ്യക്തിയാണ്‌ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ‘‘നമുക്കൊരുമിച്ചു നീങ്ങാം. പിന്നോട്ടു നോക്കുമ്പോൾ തോൽവികളും ദുഃഖങ്ങളും ഒക്കെയുണ്ടാകും. അവയെല്ലാം മറന്നു മുന്നോട്ടുപോകാം.ദൈവസ്നേഹത്താൽ പ്രചോദിതമായ ആത്മാവാണു നമ്മെ നയിക്കുന്നത്. പിന്നെന്തിനു ഭയപ്പെടണം?’’എന്ന് പറഞ്ഞു കൊണ്ട് സീറോ മലബാർ സഭയെ നയിച്ച പ്രവാചകധീരനായ മേജർ ആർച്ച് ബിഷപ്പായി സീറോ മലബാർ സഭാ ചരിത്രം കർദിനാൾ ആലഞ്ചേരിയെ രേഖപ്പെടുത്തും.

സീറോ മലബാർ സഭയെ കൂടുതൽ പങ്കാളിത്തവും പ്രേഷിതയുമാക്കുന്നതിനുള്ള ആത്മീയ നവീകരണത്തിൻ്റെയും, ഘടനാപരമായ നവീകരണത്തിൻ്റെയും പാതയാണ് മാർ ആലഞ്ചേരി തിരഞ്ഞെടുത്തത്. സൗഹാർദ്ദമായ സേവനത്തിലാണ് മെത്രാൻ ശുശ്രൂഷ നടത്തേണ്ടതെന്നും മറ്റുള്ളവരുമായുള്ള സഹകരണത്തിൽ പ്രത്യേകിച്ചും വൈദികരും,അൽമായരുമായുള്ള ബന്ധത്തിൽ ഊഷ്മളത വേണമെന്നും വിശ്വസിച്ച വ്യക്തിത്വമാണ് കർദിനാളിന്റേത് . തീരുമാനമെടുക്കൽ പ്രക്രിയകൾക്ക് സഭാപരമായ വിവേചനാധികാരം ആവശ്യമാണെന്നും, അതിനു സുതാര്യതയും ഉത്തരവാദിത്തവും ഒഴിച്ചുകൂടാനാവാത്തതെന്നും മാർ ആലഞ്ചേരി വിശ്വസിച്ചു.ഒരു മതവിഭാഗത്തിന്റെ ആത്മീയ ചട്ടക്കൂടിൽ മാത്രം ഒതുങ്ങാതെ മാനവികതയെ മുഴുവൻ ആശ്ലേഷിക്കാനുള്ള ഹൃദയവിശാലത കാണിച്ച മഹാനായ ഇടയനാണ് മാർ ആലഞ്ചേരി.

കേരളത്തിലെ ജാതിമതഭേദമന്യയുള്ള ജനങ്ങളുടെ ഹൃദയങ്ങൾ കവർന്ന ക്രൈസ്തവ നേതാവ്.ലോകത്ത് ഒരാളെ അടയാളപ്പെടുത്തുവാനായി ഒന്നും തന്നെയില്ലെങ്കിൽ ആ വ്യക്തി അവശേഷിപ്പിച്ചുപോയ മാറ്റങ്ങൾ ഒരടയാളമായി അവശേഷിക്കും.ഇന്ത്യ മുഴുവനുമുള്ള അജപാലനാധികാരത്തിനായുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരം, റോമിൽ സീറോമലബാർ സഭയുടെ പ്രതിനിധിഭവനം സ്ഥാപനം, ഓസ്‌ട്രേലിയ, കാനഡ, ഗ്രേറ്റ് ബ്രിട്ടൻ എന്നിവിടങ്ങളിൽ രൂപതകൾ സ്ഥാപിക്കപ്പെട്ടത്, തുടങ്ങിയവ കാര്യങ്ങളിൽ കർദ്ദിനാൾ മാർ ആലഞ്ചേരിയുടെ പങ്ക് ഫ്രാൻസിസ് മാർപാപ്പ പോലും എടുത്തു പറഞ്ഞിട്ടുണ്ട് .

അറബ് മേഖലയിലെ അജപാലനവുമായി ബന്ധപ്പെട്ടുള്ള ശ്രമങ്ങൾ മുന്നോട്ട് കൊണ്ട് പോയതും ഫ്രാൻസിസ് പാപ്പാ എടുത്തുപറഞ്ഞു. കർദിനാൾ ആലഞ്ചേരിയുടെ പ്രവർത്തനങ്ങളെല്ലാം, സിനഡ്, അജപാലനം, മതബോധനം, ആരാധനക്രമം, പൗരോഹിത്യപരിശീലനം, യുവജനങ്ങൾക്കായുള്ള, പ്രത്യേകിച്ച് വിദേശരാജ്യങ്ങളിലെ അംഗങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ, ഒപ്പം, പാവപ്പെട്ടവർക്കായുള്ള പ്രവർത്തനങ്ങൾ എന്നിങ്ങനെയുള്ള, സഭയുടെ സാധാരണ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിലാണ് മുന്നോട്ട് കൊണ്ടുപോയതെന്ന് ഫ്രാൻസിസ് മാർപാപ്പാ കർദിനാളിന്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി ആഗോള സഭയെ തന്നെ ഓർമ്മിപ്പിച്ചിട്ടുണ്ട് .

സീറോ മലബാർ സഭയിലെ ഒരു ശരാശരി വിശ്വാസിക്ക് ഭാഷയുടെയും ഭൂമിയുടെയും വിശ്വാസത്തിന്റെയും അതിരുകൾക്കപ്പുറം വിശാലമായി ചിന്തിക്കാനും ആത്മീയതയിലേക്ക് കൈപിടിച്ച് എത്തുവാനും കഴിഞ്ഞത് യാദ്യച്ഛികതയോ ഭാഗ്യമോ മൂലമല്ല,മറിച്ച് ചതഞ്ഞ ഞങ്ങണ ഒടിക്കാതെയും, പുകയുന്ന തിരി കെടുത്താതെയും ഋഷിതുല്യമായ സൗമ്യതയോടെ സ്നേഹവും, മനുഷ്യത്വവും കൊണ്ട് ജീവിതത്തിന്റെ നേർവഴികളിലൂടെ സഞ്ചരിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഇടയനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെന്ന താപസശ്രേഷ്ഠൻ നയിച്ച സഭയിലെ അംഗങ്ങളായതു കൊണ്ടാണ്.

തീരുമാനങ്ങൾ എടുക്കുന്നവർക്ക് ദൈവജനത്തെ വിശ്വസിക്കാനും കേൾക്കാനും കഴിയണം, അധികാരം പ്രയോഗിക്കുന്നവരെ വിശ്വസിക്കാൻ ദൈവജനത്തിനു സാധിക്കണമെന്നും കർദിനാൾ ആലഞ്ചേരിയുടെ ശുശ്രൂഷാകാലം നമ്മെ ഓർമ്മിപ്പിക്കുന്നു.സഭയുടെ കുർബാനക്രമം നവീകരിക്കുന്നതിലും കുർബാനയർപ്പണത്തിൽ ഏകീകൃത രൂപം നടപ്പാക്കുന്നതിലും യാമപ്രാർഥനകൾ നവീകരിക്കുന്നതിലും മാർ ആലഞ്ചേരിയുടെ നടപടികൾ സീറോ മലബാർ സഭയെ ആഗോളതലത്തിൽ കരുത്തുറ്റതാക്കി.

ലാളിത്യവും അധികാര ഗർവ്വില്ലാത്ത പെരുമാറ്റവും വഴി ആഗോളതലത്തിൽ തന്നെ ജാതി-മത- ഭേദമന്യയുള്ള ജനങ്ങളുടെ സ്നേഹവും പ്രീതിയും ആദരവും നേടിയെടുക്കാനും ഇശോമിശിഹായെ തന്റെ സ്നേഹത്തിലൂടെയും ജീവിതത്തിലൂടെയും ഹൃദയത്തിലൂടെയും ലോകത്തിന് വെളിപ്പെടുത്തിക്കൊടുക്കാനും ആലഞ്ചേരി പിതാവിന് കഴിഞ്ഞു.

പ്രിയങ്കരനായ വലിയ പിതാവിന് ജന്മദിനാശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *