Your Image Description Your Image Description

കുവൈത്ത്: കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിന് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ പൊടിക്കാറ്റിന് മുന്നോടിയായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സ്വകാര്യ സ്കൂളുകളിലെ വിദ്യാഭ്യാസ, ഭരണ ജീവനക്കാർക്ക് അടിയന്തര നിർദ്ദേശം നൽകി. ഇന്നലത്തെ ശക്തമായ പൊടിക്കാറ്റിനെത്തുടർന്നാണ് ഇന്ന് നേരിട്ടുള്ള ക്ലാസുകൾ താൽക്കാലികമായി നിർത്തിവെയ്ക്കാനും, ടീംസ് പ്ലാറ്റ്ഫോം വഴി ഇ-ലേണിംഗ് സജീവമാക്കാനുള്ള നിർദേശങ്ങളും നൽകിയത്. സ്കൂൾ കെട്ടിടങ്ങളിലെ ജനലുകളും വാതിലുകളും സുരക്ഷിതമായി അടച്ചിടേണ്ടതിൻ്റെ പ്രാധാന്യവും വിദ്യാഭ്യാസ മന്ത്രാലയം ഈ വിഷയത്തിൽ പുറപ്പെടുവിക്കുന്ന ഏതൊരു തീരുമാനത്തെക്കുറിച്ചും അപ്ഡേറ്റ് ആയിരിക്കേണ്ടതിൻ്റെ പ്രാധാന്യവും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം രാജ്യത്ത് ഇടയ്ക്കിടെ പൊടിക്കാറ്റ് ഉണ്ടാകുന്ന സാഹചര്യത്തില്‍ മുൻകരുതലുകൾ പാലിക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ മാറ്റങ്ങൾ അനുഭവിക്കുന്നതിനാൽ അത്യാവശ്യമില്ലെങ്കിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. തുറന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം ഇന്ന് മണിക്കൂറിൽ 8 മുതൽ 35 കിലോമീറ്റർ വേഗതയിൽ നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റിന്റെ സാന്നിധ്യത്താൽ താപനിലയിലും പൊടിയിലും ഗണ്യമായ കുറവ് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *