Your Image Description Your Image Description

ഗുഡ്‌ഗാവ്: ചൈനീസ് എഐ ടൂളായ ഡീപ്‌സീക്ക് ടെക് ലോകത്ത് വലിയ ചലനമുണ്ടാക്കിയിരുന്നു. ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടിയെ വെല്ലുവിളിച്ചെത്തിയ ഡീപ്‌സീക്കിന്‍റെ ഈ കുതിപ്പ് പക്ഷേ തുടക്കക്കാരുടെ ആവേശം മാത്രമായിരുന്നു എന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. ഉപയോക്താക്കള്‍ കൂടുതല്‍ തവണ എത്തിയതിലും കൂടുതല്‍ സമയം ചിലവിട്ടതിലും ഡീപ്‌സീക്കിനേക്കാള്‍ മുന്നില്‍ ചാറ്റ്ജിപിടിയാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കുറഞ്ഞ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ചതെന്ന് കമ്പനി അവകാശപ്പെടുന്ന ‘ഡീപ്‌സീക്ക് ആ‌ർ1’ എന്ന ലാര്‍ജ് ലാഗ്വേജ് മോഡലാണ് ചാറ്റ്‌ജിപിടിയെ അടക്കം തുടക്കത്തില്‍ വിറപ്പിച്ചത്. ആപ്പിള്‍ കമ്പനിയുടെ ആപ്പ് സ്റ്റോറിലെ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ചാറ്റ്‌ജിപിടിയെ ഡീപ്‌സീക്ക് ദിവസങ്ങള്‍ കൊണ്ട് മറികടക്കുകയും ചെയ്തു. അമേരിക്കൻ ചിപ്പ്, ഗ്രാഫിക്സ് പ്രൊസസര്‍ നിര്‍മ്മാണ ഭീമനായ എൻവിഡിയയുടെ ഓഹരിമൂല്യം പോലും താഴേക്ക് കൊണ്ടുപോകാൻ ഡീപ്‌സീക്കിന്‍റെ പുതിയ ചാറ്റ്ബോട്ടിനായി. എന്നാല്‍ ഡീപ്‌സീക്കിന്‍റെ ഈ കുതിപ്പ് കുറച്ച് കാലത്തേക്ക് മാത്രമായിരുന്നെന്നും ദീര്‍ഘകാല ഉപയോഗം പരിഗണിക്കുമ്പോള്‍ ചാറ്റ്‌ജിപിടി തന്നെയാണ് സ്റ്റാര്‍ എന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

‘ഡീപ്‌സീക്ക് ആ‌ർ1’ പുറത്തിറങ്ങി ആദ്യ രണ്ടു മൂന്ന് ആഴ്ചകളിൽ ഡീപ്‌സീക്ക് വന്‍ കുതിപ്പിന്‍റെ സൂചന നല്‍കിയിരുന്നു എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ ഇപ്പോള്‍ ഡീപ്‌സീക്കും ചാറ്റ്‌ജിപിടിയും കാഴ്ചവെക്കുന്ന പ്രകടനത്തെ കുറിച്ച് ബോബിള്‍ എഐ മാര്‍ക്കറ്റ് ഇന്‍റലിജന്‍സ് ഡിവിഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് മറ്റൊന്നാണ്. പുറത്തിറങ്ങി മൂന്നാമത്തെ ആഴ്ചയ്ക്ക് ശേഷം ഡീപ്‌സീക്ക് ആ‌ർ1 ഉപയോഗം കാര്യക്ഷമമായില്ല. ചാറ്റ്ജിപിടിയിലും ഡീപ്‌സീക്കിലും ഉപയോക്താക്കള്‍ ചിലവിടുന്ന സമയം പരിശോധിച്ചാല്‍ ചാറ്റ്‌ജിപിടിയാണ് ഇപ്പോള്‍ മുന്നിട്ടുനില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഡീപ്‌സീക്കില്‍ ചിലവിടുന്നതിനേക്കാള്‍ ഏകദേശം ഇരട്ടി സമയം ആളുകള്‍ ചാറ്റ്ജിപിടിയെ ആശ്രയിക്കുന്നു. മാത്രമല്ല, യൂസര്‍മാര്‍ ഏറ്റവും കൂടുതല്‍ തവണ സന്ദര്‍ശിക്കുന്ന എഐ ചാറ്റ്‌ബോട്ടും ചാറ്റ്‌ജിപിടിയാണ്. ഡീപ്‌സീക്കിന് തുടക്കത്തില്‍ ലഭിച്ച സ്വീകാര്യതയ്ക്ക് കാരണം മാര്‍ക്കറ്റിംഗ് തന്ത്രങ്ങളാണെന്ന വിലയിരുത്തലുകളുമുണ്ട്. ദീര്‍ഘകാലത്തേക്ക് എഐ ടൂളുകള്‍ മേധാവിത്വം പുലര്‍ത്തണമെങ്കില്‍ പ്രകടന മികവുണ്ടായിരിക്കണം എന്ന അടിസ്ഥാന തത്വം ഓര്‍മ്മിപ്പിക്കുന്നതാണ് ഡീപ്‌സീക്കിന്‍റെ ഇടിവ് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *