Your Image Description Your Image Description

ആലപ്പുഴ : കഴിഞ്ഞ എട്ടു വർഷംകൊണ്ട് 3,57000 പട്ടയങ്ങൾ സംസ്ഥാനത്ത് വിതരണം ചെയ്‌തെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഈ സർക്കാരിൻ്റെ കാലാവധി പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് അകെ പട്ടയം ലഭിച്ച കുടുംബങ്ങളുടെ എണ്ണം അഞ്ച് ലക്ഷം ആയി മാറുമെന്നും മന്ത്രി പറഞ്ഞു.

അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ 34 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണത്തിൻ്റെ ചടങ്ങ് പുന്നപ്ര പള്ളിവെളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്പലപ്പുഴയിലെ പട്ടയമേളയിലൂടെ 34 കുടുംബങ്ങൾ ഭൂമിയുടെ യഥാർത്ഥ അവകാശികളായിമാറിയെന്നും ഇത് അഭിമാനകരമായ നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. നെൽപ്പാടങ്ങൾ അനധികൃതമായി മണ്ണിട്ട് നികത്തുന്നത് തടയാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കും.അനധികൃതമായ മണ്ണിട്ട് നികത്തിയ പാടങ്ങളും തണ്ണീർതടങ്ങളും കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം അനുസരിച്ച് പൂർവ്വ സ്ഥിതിയിലാക്കുവാൻ ഉടമ വിസമതിക്കുകയാണെങ്കിൽ ജില്ലാ കളക്ടറുമാരുടെ നേതൃത്വത്തിൽ അവ പൂർവ്വസ്ഥിതിയിലാക്കും. ഇതിനു ചെലവാകുന്ന തുക ഉടമയുടെ കൈയിൽ നിന്നും ആർ ആർ നടപടി സ്വീകരിച്ച് തിരിച്ചു പിടിക്കുമെന്നും മന്ത്രി പറഞ്ഞു

എച്ച് സലാം എംഎൽഎ അധ്യക്ഷനായി. റവന്യൂ വകുപ്പിന് ജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ വേഗത്തിലും സമയ ബന്ധിതമായും നല്കാൻ സാധിക്കുന്നുണ്ടെന്നും കാല ഘട്ടത്തിൻ്റെ മാറ്റങ്ങൾക്കു അനുസരിച്ചു ഈ വകുപ്പിന് മാറാൻ സാധിച്ചെന്നും എം എൽ എ പറഞ്ഞു.റവന്യൂ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്‌മാർട്ട്’ എന്ന ലക്ഷ്യം പൂർത്തീകരണത്തിലേയ്ക്ക് എത്തുകയാണ്. അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ പുന്നപ്ര പള്ളിവെളി പ്രദേശത്തെ 14 കുടുംബങ്ങൾക്കും ആലപ്പുഴ പടിഞ്ഞാറ് വില്ലേജിലെ വാടയ്ക്കൽ പ്രദേശത്തെ 20 കുടുംബങ്ങൾക്കുമാണ് പട്ടയം നൽകിയത്.

 

Leave a Reply

Your email address will not be published. Required fields are marked *