Your Image Description Your Image Description

എടത്വ സെന്റ് ജോർജ് ഫെറോനാ പള്ളി പെരുന്നാളിന്റെ ഭാഗമായി അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് (എ.ഡി.എം.) ആശാ സി എബ്രഹാമിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. എടത്വ സെന്റ് ജോർജ് ഫെറോനാ പള്ളിയിൽ ചേർന്ന യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം പി, സബ് കളക്ടർ സമീർ കിഷൻ എന്നിവരും സന്നിഹിതരായി.

എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ കൃത്യതയോടെ നടത്താന്‍ യോഗത്തിൽ തീരുമാനിച്ചു. കെഎസ്ആർടിസി പ്രത്യേക ബസ് സർവ്വീസുകളും ജലഗതാഗത വകുപ്പ് കൂടുതൽ ബോട്ട് സർവ്വീസുകളും നടത്തും. കുറ്റകൃത്യങ്ങൾ തടയുന്നതിന് പെരുന്നാൾ ദിവസങ്ങളിൽ പള്ളിയും പരിസരവും പൂർണ്ണമായി സിസിടിവി നിരീക്ഷണത്തിലാക്കും. ഏപ്രിൽ അവസാനത്തോടെ തീർത്ഥാടകർ ക്യാമ്പ് ചെയ്തു തുടങ്ങുന്നതിനാൽ പൊലീസ് സുരക്ഷ ഉറപ്പുവരുത്തും. പെരുന്നാൾ ദിവസങ്ങളിലെ മാലിന്യ നിർമാർജ്ജനത്തിന് ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തും. പെരുന്നാളുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ക്ലിനിക് ആരംഭിക്കുകയും ആംബുലൻസ് സൗകര്യം ഉറപ്പുവരുത്തുകയും ചെയ്യും. എടത്വ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. പെരുന്നാളുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ, തിരുവല്ല റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് പ്രത്യേക സ്റ്റോപ്പ്‌ അനുവദിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. അഗ്നിരക്ഷാസേന, ഫയർ എഞ്ചിൻ, ഡിങ്കി ബോട്ട്, സ്ക്യൂബ ഡൈവേഴ്സ് തുടങ്ങിയ സജ്ജീകരണങ്ങൾ ഉറപ്പാക്കും. പെരുന്നാളിനോടാനുബന്ധിച്ച് വാട്ടർ അതോറിറ്റി കൂടുതൽ പൊതുടാപ്പുകൾ ഒരുക്കും. എക്സൈസ് പരിശോധന ശക്തമാക്കുകയും ലീഗൽ മെട്രോളജി സ്‌ക്വാഡ് പ്രവർത്തനം ഊർജ്ജിതമാക്കുകയും ചെയ്യും.
യോഗത്തിൽ ചമ്പക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിൻസി ജോളി, എടത്വ സെന്റ് ജോർജ് ഫെറോനാ പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ, ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു, എടത്വ പഞ്ചായത്ത് പ്രസിഡന്റ്‌ ആൻസി ബിജോയ്‌, അമ്പലപ്പുഴ ഡി.വൈ.എസ്.പി. കെ എൻ രാജേഷ്, കുട്ടനാട് തഹസിൽദാർ പി ഡി സുധി, മറ്റ് ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പി.ആര്‍/എ.എല്‍.പി/1053)

Leave a Reply

Your email address will not be published. Required fields are marked *