Your Image Description Your Image Description

ന്യൂഡല്‍ഹി: 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിയമപരമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി വെള്ളിയാഴ്ച സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ ജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള കുട്ടികളുടെ ആക്‌സസ് നിയന്ത്രിക്കുന്നതിന് ബയോമെട്രിക് പ്രാമാണീകരണം ഉൾപ്പെടെയുള്ള ശക്തമായ പ്രായ പരിശോധനാ സംവിധാനം നിർബന്ധമാക്കാൻ ആവശ്യപ്പെട്ടായിരുന്നു ഹർജി. കുട്ടികളുടെ സംരക്ഷണ ചട്ടങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന സോഷ്യൽ മീഡിയ കമ്പനികൾക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം ഇത്തരം വിഷയങ്ങളില്‍ നയപരമായ തീരുമാനങ്ങളെടുക്കേണ്ടത് സര്‍ക്കാരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആശങ്കകളെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ ഹര്‍ജിക്കാരനോട് കോടതി പറഞ്ഞു. സെപ് ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. സോഷ്യല്‍ മീഡിയയുടെ അനിയന്ത്രിതമായ ഉപയോഗം കുട്ടികളില്‍ വിഷാദം, ഉത്കണ്ഠ, ആത്മഹത്യാ പ്രവണത എന്നിവയുള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ വര്‍ധനവിന് കാരണമായിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.

സോഷ്യല്‍ മീഡിയ മാറ്റേഴ്‌സ് എന്ന സംഘടന നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ യുവാക്കള്‍ ഒരു ദിവസം ശരാശരി അഞ്ച് മണിക്കൂറിലധികം സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നു എന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി നിരവധി നിര്‍ദേശങ്ങളും ഹര്‍ജിയില്‍ പറയുന്നുണ്ട്. 13 മുതല്‍ 18 വയസുവരെയുള്ള കുട്ടികൾ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ രക്ഷാകര്‍ത്താക്കള്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം.

സോഷ്യല്‍ മീഡിയയില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ കര്‍ശനമായ പ്രായപരിശോധന, ഉള്ളടക്ക നിയന്ത്രങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തണം, നിബന്ധനകള്‍ പാലിക്കാത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് കര്‍ശനമായ ശിക്ഷകള്‍ ഏര്‍പ്പെടുത്തണം എന്നിവയാണ് ഹര്‍ജിയിലെ പ്രധാന നിര്‍ദേശങ്ങള്‍. നിലവിൽ, കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുന്ന പ്രത്യേക നിയമപരമായ നിയന്ത്രണങ്ങൾ ഇന്ത്യയിൽ ഇല്ല. 2023 ലെ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്റ്റ്, കുട്ടികളുടെ ഡാറ്റ ഓൺലൈനായി പ്രോസസ്സ് ചെയ്യുമ്പോൾ പ്രായ പരിശോധനയേക്കാൾ കർശനമായ ആവശ്യകതകൾ നിർബന്ധമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *