Your Image Description Your Image Description

തിരുവനന്തപുരം: മനുഷ്യ വിസർജ്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ബയോ ഇലക്‌ട്രിക് ശൗചാലയവുമായി സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡിവലപ്‌മെന്റിലെ ശാസ്ത്രജ്ഞർ (സിഡബ്ല്യുആർഡിഎം). വീടുകളിലും പൊതുയിടങ്ങളിലുള്ള ശൗചാലയങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ പ്ലാന്റ് (മൈക്രോബിയൽ ഫ്യൂവൽ സെൽ) ഘടിപ്പിച്ച് കുറഞ്ഞ അളവിലുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് സംവിധാനം. ഐഐടി ഖരഗ്പൂരിൽ നടത്തിയ പരീക്ഷണം വിജയിച്ചിരുന്നു. അവിടത്തെ ഗ്രാമപ്രദേശങ്ങളിൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവർത്തിപ്പിക്കുന്ന ബയോ ഇലക്‌്ട്രിക് ശൗചാലയങ്ങളും സ്ഥാപിച്ചു. പിന്നാലെ ഡൽഹിയിലും പദ്ധതി വിജയിച്ചു. ഇതോടെ കേരളത്തിലും പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിക്കാനാണ് ആലോചിക്കുന്നത്.

മാലിന്യം ശുദ്ധീകരിക്കുന്നതിനു പുറമേ ജൈവമാലിന്യം സംസ്കരിക്കാനും ഇതിലൂടെ കഴിയും. ശൗചാലയങ്ങളിൽ ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗിക്കാനും കഴിയും. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിവുള്ള ഇലക്‌്ട്രോജെനിക് ബാക്ടീരിയെയാണ് പ്ലാന്റിൽ നിക്ഷേപിച്ചിട്ടുള്ളത്. ഈ ബാക്ടീരിയ മാലിന്യത്തിൽ അടങ്ങിയിട്ടുള്ള രാസോർജം വൈദ്യുതോർജമായി മാറ്റും. ഈ പ്രക്രിയയിൽ ഇലക്‌്ട്രോൺസ് പുറന്തള്ളും. പ്ലാന്റിലുള്ള ഇലക്‌്ട്രിക് സർക്യൂട്ട് വഴി ഇലക്ടറോൺസിനെ കടത്തിവിട്ടാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഈ ബാക്ടീരിയയുടെ പ്രവർത്തനത്തിലൂടെ 10 മുതൽ 50 വാട്ട്‌വരെ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് ഉദ്ദേശിക്കുന്നത്.

ഉത്പാദിപ്പിക്കുന്ന വൈദ്യുതി സെൻസർ, മൊബൈയിൽ, എൽഇഡി തുടങ്ങിയ ഉപകരണങ്ങൾ ചാർജ്ചെയ്യാൻ കഴിയും. 1.5 ലക്ഷം രൂപയാണ് നിർമാണച്ചെലവ് കണക്കാക്കുന്നത്. സിഡബ്ല്യുആർഡിഎമ്മിലെ ശാസ്ത്രജ്ഞരായ ഡോ. ബി. നീനു, കെ. ഇജാസ് എന്നിവരാണ് പദ്ധതി തയാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *