ലഹരി വേട്ട ശക്തമാക്കി സൗദി അറേബ്യ. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ നിന്നായി നിരവധി മയക്കുമരുന്ന് കടത്ത് ശ്രമങ്ങളാണ് പിടികൂടിയത്. ജനറൽ ഡയറക്റ്ററേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
നിരോധിത മയക്കുമരുന്ന് ഗുളികകളുമായി നജ്റാനിൽ 4 പേരെയാണ് പിടികൂടിയത്. മൂന്നു സൗദി പൗരന്മാരും യമൻ സ്വദേശിയും അടങ്ങുന്നതാണ് സംഘം. 56,119 ഇത്തരം ഗുളികകളുമായി മറ്റൊരു സൗദി പൗരനെയും യമൻ സ്വദേശിയേയും പിടികൂടിയിട്ടുണ്ട്.
ജിസാനിൽ നിന്ന് പിടികൂടിയത് 33,450 മയക്കുമരുന്ന് ഗുളികകളാണ്. ജിസാൻ പ്രവിശ്യയിൽ നിന്ന് തന്നെ 31 കിലോഗ്രാം ഹാഷിഷും 83 കിലോഗ്രാം ഖാത്തും പിടികൂടിയിരുന്നു. ആറു യമനി സ്വദേശികളാണ് പിടിയിലായത്. ഇവരെ പിടികൂടുന്നത് ബോർഡർ ഗാർഡ് സംഘമായിരുന്നു. ജിദ്ദയിൽ പിടികൂടിയത് രണ്ടു പാക്കിസ്താൻ സ്വദേശികളെയാണ്. 4 കിലോഗ്രാം മെത്താംഫിറ്റാമൈനുമായാണ് ഇവരെ പിടികൂടിയത്.