Your Image Description Your Image Description

തിരുവനന്തപുരം : അവയവദാനം പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും അതിനെ കുറിച്ച് സമൂഹത്തിലുള്ള മിഥ്യാധാരണകൾ മാറേണ്ടതാണെന്നും ജില്ലാ കളക്ടർ അനു കുമാരി. കളക്ടറേറ്റിലെ ജീവനക്കാർക്കായി കെ സോട്ടോ നടത്തിയ അവയവദാന ബോധവൽക്കരണ ക്ലാസും രജിസ്ട്രേഷൻ ഡ്രൈവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടർ.

രക്തദാനം എത്ര തവണ വേണമെങ്കിലും നടത്താൻ നമ്മൾ തയ്യാറാണ്. പക്ഷേ അവയവദാനത്തിന്റെ കാര്യത്തിൽ ഇപ്പോഴും പുറകിലാണ്. ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നത് മഹത്തായ കാര്യമാണ്. പാവപ്പെട്ടവരെ സഹായിക്കാൻ കഴിയുന്ന വലിയൊരു അവസരമാണ് അവയവദാനത്തിലൂടെ കിട്ടുന്നതെന്നും അവർ പറഞ്ഞു. മരിച്ചു കഴിഞ്ഞാലും നമ്മുടെ സാന്നിധ്യം അവയവദാനത്തിലൂടെ ഭൂമിയിൽ നിലനിർത്താൻ കഴിയുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സബ് കളക്ടർ ഒ വി ആൽഫ്രഡ് പറഞ്ഞു.

സംസ്ഥാനത്ത് മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനു൦ അവയവദാന സന്ദേശം പ്രചരിപ്പിക്കുന്നതിനും ആണ് കെ-സോട്ടോ (കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍) ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.

അവയവദാനവുമായി ബന്ധപ്പെട്ട് കെ-സോട്ടോ തയ്യാറാക്കിയ വീഡിയോയും പ്രദർശിപ്പിച്ചു. ചടങ്ങിൽ എ ഡി എം ബീന പി ആനന്ദ്, കെ സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.എസ്.എസ് നോബിള്‍ ഗ്രേഷ്യസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിനോയ് മാത്യു, കളക്ടറേറ്റിലെ ഉദ്യോഗസ്ഥർ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *