മോഹൻലാൽ നായകനായ എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ രംഗത്ത്. അതിരുകൾ ഇല്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യമാണ് ആവശ്യം. അതിനുമേൽ കത്രിക വെക്കുന്നതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘എമ്പുരാനെ എതിർക്കുന്നവർ പോലും ആ സിനിമ കണ്ടിട്ട് അനുകൂലിച്ച് സംസാരിച്ചതൊക്കെ നമ്മുടെ മുന്നിലുണ്ട്. അപ്പോൾ എന്താണ് പെട്ടെന്ന് ഒരു പ്രകോപനം അവർക്ക് ഉണ്ടായതെന്ന് അറിയില്ല. അതിനകത്ത് ചിലപ്പോൾ രാഷ്ട്രീയം ഉണ്ടാകും. അതിലേക്കൊന്നും ഞാൻ പോകുന്നില്ല. കലാപ്രവർത്തകർക്ക് അതിരുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്യം വേണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അത് കലാകാരന്റെ അവകാശം തന്നെയാണ്. ഇവിടെ ഈ സിനിമയെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി സെൻസറിങ് സംവിധാനങ്ങളോട് അനുഭാവം ഉള്ളയാളല്ല ഞാൻ. കലാകാരൻ്റെ ആവിഷ്കാരത്തിന് മുകളിൽ ഭരണകൂട താത്പര്യമാകാം, കത്രിക വെക്കുന്നതിനോടും അത്തരം സ്വാതന്ത്ര്യത്തിന് മേൽ കടന്നുകയറ്റം നടത്തുന്നതിനോടും വ്യക്തിപരമായിട്ട് യോജിക്കുന്ന ആളല്ല ഞാൻ,’ പ്രേംകുമാർ വ്യക്തമാക്കി.
അതേസമയം വിവാദങ്ങള്‍ക്കിടെ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തി. വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് 24 സീനുകളാണ് എമ്പുരാനില്‍ വെട്ടിയത്