Your Image Description Your Image Description

അബുദാബി: ഇന്ത്യയിൽ നിന്നും ​ദുബായിലേക്ക് വെറും രണ്ട് മണിക്കൂർ കൊണ്ട് ഒരു ട്രെയിൻ യാത്ര. അതും ആഴക്കടൽ കാഴ്ച്ചകളും കണ്ട്. ഏതെങ്കിലും കഥാകാരന്റെ ഭാവനയിൽ വിരിഞ്ഞ കാര്യമല്ല. യുഎഇ നാഷനൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് നടപ്പാക്കാനുദ്ദേശിക്കുന്ന അതിവേഗ അണ്ടർവാട്ടർ ട്രെയിൻ പദ്ധതി യാഥാർത്ഥ്യമായാൽ ഇന്ത്യയിൽ നിന്നും ​ദുബായിലെത്താൻ വെറും രണ്ട് മണിക്കൂർ മതിയാകും.

​ദുബായ് – മുംബൈ തീരങ്ങളെ ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട അതിവേഗ അണ്ടർവാട്ടർ ട്രെയിൻ പദ്ധതി. 2000 കിലോമീറ്റർ ദുരത്തിൽ കടലിനടിയിലൂടെ റയിൽവെ സ്ഥാപിക്കുകയാണ് പ​​ദ്ധതി ലക്ഷ്യമിടുന്നത്. ഈ പാതയിലൂടെ മണിക്കൂറിൽ ആയിരം കിലോമീറ്റർ വേ​ഗതയിൽ ട്രെയിനുകൾ കുതിച്ചുപായും. അഞ്ച് വർഷം കൊണ്ട് പദ്ധതി യാഥാർത്ഥ്യമാക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇന്ത്യ-യുഎഇ യാത്രാ കപ്പൽ സർവീസ് പദ്ധതി വാഗ്ദാനങ്ങളിൽ ആടിയുലയുമ്പോഴാണ് കടലിനടിയിലൂടെയുള്ള അതിവേഗ ട്രെയിൻ പദ്ധതി പ്രതീക്ഷ നൽകുന്നത്. ഒരേസമയം യാത്രയ്ക്കും ചരക്കുനീക്കത്തിനും ഉപകരിക്കുമെന്നതിനാൽ ഇരുരാജ്യങ്ങൾക്ക് മാത്രമല്ല റെയിൽ കടന്നുപോകുന്ന ഇതര രാജ്യങ്ങൾക്കും ഗുണകരമാകുമെന്ന് നാഷനൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡിലെ ചീഫ് കൺസൽറ്റന്റ് അബ്ദുല്ല അൽ ഷെഹി സൂചിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതായിരിക്കും പദ്ധതി.

മണിക്കൂറിൽ 1000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനിൽ യാത്രക്കാരെ മാത്രമല്ല വെള്ളവും ഇന്ധനവുമെല്ലാം കൊണ്ടുപോകാം. യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാനും ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് ശുദ്ധജലം കയറ്റി അയയ്ക്കാനും പദ്ധതിയിലൂടെ സാധിക്കും. അണ്ടർവാട്ടർ ട്രെയിൻ യാത്രക്കാർക്ക് ആഴക്കടൽ കാഴ്ചകൾ ആസ്വദിക്കാവുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്നാണ് സൂചന. യുഎഇ നാഷനൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് ആണ് പദ്ധതിയുമായി രംഗത്ത് എത്തിയത്. യാഥാർഥ്യമായാൽ ഇന്ത്യ-യുഎഇ യാത്രാസമയം വെറും രണ്ട് മണിക്കൂറായി കുറയും. നിലവിൽ വിമാനത്തിൽ നാലു മണിക്കൂറെടുക്കും.

യാത്ര ചെയ്യാൻ വെറും രണ്ട് മണിക്കൂർ മതിയാകുമെങ്കിലും പദ്ധതി യാഥാർത്ഥ്യമാകാൻ കടമ്പകൾ ഏറെ കടക്കണം. കടലിനടിയിലൂടെയുള്ള അതിവേഗ റെയിൽ ശൃംഖല സ്ഥാപിക്കലാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടം. സാധ്യതാ പഠനവും പരിശോധനയും പാത കടന്നുപോകുന്ന രാജ്യങ്ങളുടെ സഹകരണവും കോടികളുടെ ഫണ്ടും അതിനും മുമ്പേ ഉറപ്പാക്കണം. 2000 കി.മീ ദൂരത്തിലാണ് ദുബായ്-മുംബൈ നഗരങ്ങളെ റെയിൽ വഴി ബന്ധിപ്പിക്കുക. പദ്ധതിക്ക് ഇരുരാജ്യങ്ങളുടെയും അനുമതി ലഭിച്ചാൽ നിർമാണം പൂർത്തിയാക്കി 2030ൽ സർവീസ് ആരംഭിക്കാനാണ് നീക്കം.

മുംബൈ – ദുബായ് ആഴക്കടൽ റയിൽപാത യാഥാർത്ഥ്യമായാൽ രാജ്യത്തിന്റെ വാണിജ്യ പുരോ​ഗതി ചിന്തിക്കുന്നതിനും അപ്പുറമാകും എന്നാണ് സാമ്പത്തിക വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പദ്ധതി ട്രാക്കിലായാൽ ഇന്ത്യയിൽ നിന്നും യൂറോപ്പിലേക്കുള്ള സാമ്പത്തിക ഇടനാഴിയും സജീവമാകും. ഇന്ത്യയിൽനിന്ന് യുഎഇ വരെ കടൽമാർഗവും ഇസ്രയേലിലേക്ക് റെയിൽ മാർഗവും യൂറോപ്പിലേക്ക് കടൽമാർഗവുമാണ് സാമ്പത്തിക ഇടനാഴി വിഭാവനം ചെയ്യുന്നത്.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് മുംബൈ – ദുബായ് ആഴക്കടൽ റയിൽപാത പദ്ധതി സംബന്ധിച്ച ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ, അതിന്റെ അംഗീകാരം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് അന്ന് പദ്ധതി എത്തപ്പെട്ടില്ല. അതേസമയം, ചെറിയ തുകയൊന്നും പോരാ ഈ പ​ദ്ധതി നടപ്പാക്കാൻ എന്നതും ചൂണ്ടിക്കാട്ടപ്പെടുന്നു. കോടിക്കണക്കിന് ഡോളർ ചിലവഴിച്ചാൽ മാത്രമേ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഈ പദ്ധതി യാഥാർത്ഥ്യമാകൂ.

Leave a Reply

Your email address will not be published. Required fields are marked *