ശീതകാല പച്ചക്കറി കൃഷികൾക്കൊപ്പം വട്ടവടയിലെ കർഷകരുടെ വരുമാന മാർഗ്ഗങ്ങളിൽ ഒന്നാണ് സ്ട്രോബറി കൃഷി. മാസങ്ങൾക്ക് മുമ്പ് കൃഷിയിറക്കിയ സ്ട്രോബറികളിലെ കായകൾ പഴുത്ത് വിളവെടുപ്പിന് പാകമായി കഴിഞ്ഞു. എന്നാൽ ഈ വിളവെടുപ്പ് കാലത്ത് സ്ട്രോബറിക്കുണ്ടായിട്ടുള്ള വിലയിടിവ് കർഷകർക്ക് വലിയ നിരാശയാണ് സമ്മാനിക്കുന്നത്. നിലവിൽ 300 രൂപയാണ് ഒരു കിലോ സ്ട്രോബറിക്ക് കർഷകർക്ക് ലഭിക്കുന്ന വില. ഈ വിലയിൽ സ്ട്രോബറി കൃഷി മുന്നോട്ട് കൊണ്ടു പോകുക പ്രയാസകരമാണെന്ന് കർഷകർ പറയുന്നു.
ജനുവരി മുതൽ വട്ടവടയിലേക്കെത്തുന്ന സഞ്ചാരികളെ മുന്നിൽ കണ്ടാണിപ്പോൾ പല കർഷകരും സ്ട്രോബറി കൃഷി ചെയ്യുന്നത്. മദ്ധ്യവേനൽ അവധിക്കാലത്ത് ഉണ്ടാകാൻ ഇടയുള്ള സഞ്ചാരികളുടെ തിരക്കിൽ കർഷകർ പ്രതീക്ഷയർപ്പിക്കുന്നു. ഇത്തവണ കർഷകർക്ക് സ്ട്രോബറിയിൽ നിന്ന് മെച്ചപ്പെട്ട വിളവ് ലഭിച്ചു. എന്നാൽ കഴിഞ്ഞ മാസങ്ങളിൽ സ്ട്രോബറിക്ക് ആവശ്യക്കാർ കുറഞ്ഞത് കർഷകർക്ക് വിനയായി. ഇത് വിലയിടിവിന് വഴിയൊരുക്കി. കർഷകരിൽ ചിലർ സ്ട്രോബറിയിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിച്ച് വിൽപ്പന നടത്തുന്നു.