ഉപയോക്താക്കളിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കൂടുതൽ സാധ്യതകൾ എത്തിക്കുന്നതിന്റെ ഭാഗമായി, ഗൂഗിൾ ജെമിനി 2.5 പ്രോയുടെ പരീക്ഷണാത്മക പതിപ്പ് സൗജന്യമായി ഉപയോഗിക്കാൻ കഴിയും. ജെമിനി അഡ്വാൻസ്ഡ് സബ്സ്ക്രൈബർമാർക്ക് മാത്രമായിരുന്നു മുമ്പ് ഈ മോഡലിന്റെ ആക്സസ് ലഭ്യമായിരുന്നത്. ഗൂഗിൾ സ്റ്റുഡിയോ,ജെമിനി ആപ്പ് എന്നിവ വഴി ജെമിനി 2.5 പ്രോ ഉപയോഗിക്കാം.
കൂടാതെ, വെർട്ടെക്സ് എ.ഐയുമായി കൂടുതൽ സംയോജിപ്പിക്കാനുള്ള പദ്ധതികളും കമ്പനി ആലോചിക്കുന്നുണ്ട്. ‘ഞങ്ങളുടെ ഏറ്റവും പുതിയ മോഡൽ കൂടുതൽ ആളുകളുടെ കൈകളിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിനാലാണ് എല്ലാ ജെമിനി ഉപയോക്താക്കൾക്കും ജെമിനി 2.5 പ്രോ ലഭ്യമാക്കാൻ ഞങ്ങൾ തീരുമാനിച്ചതെന്ന്’, കമ്പനി എക്സിൽ അറിയിച്ചു. ജെമിനി 2.5 മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത ഡാറ്റ പ്രോസസ്സിങിന്റെ കാര്യക്ഷമതയാണ്.
വ്യത്യസ്ത തരം ഡാറ്റ തടസ്സമില്ലാതെ കൈകാര്യം ചെയ്യാനുള്ള കഴിവ് ഈ മോഡലിനെ മികച്ചതാക്കി മാറ്റുന്നു. മറ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, ജെമിനി 2.5 പ്രോ ഘട്ടം ഘട്ടമായുള്ള പ്രോസസ്സിങ് രീതിയിലാണ് പ്രവർത്തിക്കുന്നത്. ഗൂഗിൾ വ്യക്തമാക്കുന്നതുപോലെ, കോഡിങ്, ഗണിതം, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ എ.ഐ യുടെ പ്രകടനം മെച്ചപ്പെടുത്താനാകും. ജെമിനി 2.5 പ്രോയുടെ ഈ പുതിയ സൗജന്യ ആക്സസ്, സാധാരണ ഉപയോക്താക്കൾക്ക് എ.ഐ യുമായി കൂടുതലായി സംവദിക്കാനുള്ള അവസരം ലഭിക്കും.