Home » Blog » Kerala » പുതിയ ലക്ഷ്യവും ബ്രാന്‍ഡ് ഐഡന്‍റിറ്റിയും പ്രഖ്യാപിച്ച്  ഗോദ്റെജ് ഇന്‍ഡസ്ട്രീസ്; 2031-ഓടെ ആകെ വിപണി മൂല്യം 5,00,000 കോടി രൂപയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്
3

കൊച്ചി: ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്‍റെ  പുതിയ ലക്ഷ്യവും ബ്രാന്‍ഡ് ഐഡന്‍റിറ്റിയും  പ്രഖ്യാപിച്ചു. ഗ്രൂപ്പിന്‍റെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍  ഐഡന്‍റിറ്റിയും തന്ത്രവും ലക്ഷ്യങ്ങളും ഏകീകരിക്കുന്ന നിര്‍ണായക ഘട്ടമാണിതെന്ന് കമ്പനി അറിയിച്ചു. 129 വര്‍ഷത്തെ പാരമ്പര്യത്തിന്‍റെ കരുത്തിലും പുതിയ രൂപത്തില്‍ രണ്ട് വര്‍ഷം മാത്രം പ്രായമുള്ള ഒരു ഗ്രൂപ്പിന്‍റെ ഊര്‍ജ്ജവും ഉള്‍ക്കൊള്ളുന്നതാണ് ഈ മാറ്റം. പുതിയ ലക്ഷ്യവും ഐഡന്‍റിറ്റിയും  ഗ്രൂപ്പ് എവിടെ നിന്നാണ് ആരംഭിച്ചതെന്നും എവിടേക്കാണ് പോകുന്നതെന്നും വ്യക്തമാക്കുന്നതാണ്. ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങള്‍, കൃഷി, രാസവസ്തുക്കള്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന ഗ്രൂപ്പിന്‍റെ ബിസിനസ് വിഭാഗങ്ങളില്‍ കൂടുതല്‍ തന്ത്രപരമായ ഏകോപനവും വ്യക്തതയും  കൊണ്ടുവരാന്‍ ഈ മാറ്റം സഹായിക്കും. മുംബൈയിലെ ഗ്രൂപ്പ് ആസ്ഥാനമായ ‘ഗോദ്റെജ് വണ്ണില്‍’ ലാണ് ഈ പ്രഖ്യാപനം നടത്തിയത്.

ഈ മാറ്റങ്ങളുടെ കാതല്‍ ‘1897 മുതല്‍ നാളെക്കായുള്ള നിര്‍മ്മാണത്തില്‍’  എന്ന ഗ്രൂപ്പിന്‍റെ പുതിയ ലക്ഷ്യമാണ്. ഗ്രൂപ്പിന്‍റെ പാരമ്പര്യവും നൂതന ആശയങ്ങളോടുള്ള ഉത്തരവാദിത്വവും കൂട്ടിച്ചേര്‍ത്ത് ദീര്‍ഘകാല മൂല്യം സൃഷ്ടിക്കാനുള്ള ലക്ഷ്യവും ഇതില്‍ അടങ്ങിയിരിക്കുന്നു. പുതുമയെയും  മൂല്യങ്ങളെയും എപ്പോഴും ഒരേപോലെ മുറുകെപ്പിടിച്ച ഗോദ്റെജ് ഗ്രൂപ്പ് സ്ഥാപകന്‍ അര്‍ദേശിര്‍ ഗോദ്റെജിന്‍റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ലക്ഷ്യം രൂപപ്പെടുത്തിയത്. ‘വിശ്വാസം പകരുക’, ‘സന്തോഷം പകരുക’,  ‘ധീരമായിരിക്കുക’ എന്നീ മൂന്ന് അടിസ്ഥാന മൂല്യങ്ങള്‍ സംഘടനയിലുടനീളം നേതൃത്വത്തിനും തീരുമാനങ്ങള്‍ക്കും തുടര്‍ന്നും വഴികാട്ടിയാകുമെന്ന് ഗ്രൂപ്പ് അറിയിച്ചു.

മൂല്യങ്ങളും മികച്ച ഫലങ്ങളും ഒന്നുചേര്‍ന്ന് മുന്നോട്ട് പോകണമെന്ന വിശ്വാസമാണ് ‘1897 മുതല്‍ നാളെക്കായുള്ള നിര്‍മ്മാണത്തില്‍’ എന്ന വാക്കുകളിലൂടെ പ്രതിഫലിക്കുന്നത്. തങ്ങള്‍ വളര്‍ച്ചയുടെ പുതിയ ഘട്ടങ്ങളിലേക്ക് കടക്കുമ്പോള്‍ വിജയകരവും അതോടൊപ്പം ഉത്തരവാദിത്തത്തോടെയുള്ള ബിസിനസ്സുകള്‍ എങ്ങനെ കെട്ടിപ്പടുക്കാം എന്നതിന് ഈ കാഴ്ചപ്പാട് തുടര്‍ന്നും വഴികാട്ടിയാകുമെന്ന്  ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്‍റെ നിയുക്ത ചെയര്‍പേഴ്സണ്‍ പിറോജ്ഷാ ഗോദ്റെജ് പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വില്‍പനയിലും അറ്റാദായത്തിലും 20 ശതമാനത്തിലധികം വാര്‍ഷിക വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിക്കൊണ്ട് ഗോദ്റെജ് ഗ്രൂപ്പ് ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഗ്രൂപ്പിന്‍റെ അടുത്ത വളര്‍ച്ചാ ഘട്ടത്തിനായി വ്യക്തമായ ലക്ഷ്യങ്ങളും മുന്നോട്ടുവെച്ചു. ഗ്രൂപ്പ് തലത്തില്‍ വാര്‍ഷിക വില്‍പനയില്‍ 15 ശതമാനത്തിലധികം വളര്‍ച്ചയും പ്രതിയോഹരി വരുമാനത്തില്‍ 20 ശതമാനത്തിലധികം വര്‍ദ്ധനവുമാണ് ലക്ഷ്യമിടുന്നത്. കൂടാതെ ഓരോ ബിസിനസ്സ് മേഖലയും സ്ഥിരത കൈവരിച്ച ഘട്ടത്തില്‍  18 ശതമാനത്തിലധികം നിക്ഷേപ നേട്ടം കൈവരിക്കുമെന്നും  കമ്പനി പ്രതീക്ഷിക്കുന്നു. നിലവിലെ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, പ്രോപ്പര്‍ട്ടീസ്, അഗ്രോവെറ്റ്  എന്നീ മൂന്ന് കമ്പനികളില്‍ നിന്ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത  അഞ്ച്  കമ്പനികളിലേക്ക്   വ്യാപിപ്പിക്കാനാണ് ഗ്രൂപ്പിന്‍റെ പദ്ധതി. ഈ നീക്കങ്ങളിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗ്രൂപ്പിന്‍റെ ആകെ വിപണി മൂല്യം 5,00,000 കോടി രൂപയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

ശക്തമായ സാമ്പത്തിക പ്രകടനത്തോടൊപ്പം സമൂഹത്തിനും പരിസ്ഥിതിക്കും അനുകൂലമായ മാറ്റങ്ങള്‍ കൊണ്ടുവരിക എന്ന കാഴ്ചപാടിന്‍റെ അടിസ്ഥാനത്തിലാണ്  ഗോദ്റെജ് ഗ്രൂപ്പിന്‍റെ വളര്‍ച്ചാ തന്ത്രങ്ങള്‍. 2025-ലെ ‘ഡൗ ജോണ്‍സ് സസ്റ്റൈനബിലിറ്റി ഇന്‍ഡക്സില്‍്’  ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സും ഗോദ്റെജ് പ്രോപ്പര്‍ട്ടീസും അതത് മേഖലകളില്‍ ആഗോളതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഈ നേട്ടങ്ങളുടെ തുടര്‍ച്ചയായി 2035-ഓടെ പ്രവര്‍ത്തന മേഖലകളില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണ്ണമായും ഇല്ലാതാക്കാനും  2047-ഓടെ പരിസ്ഥിതിക്ക് അനുയോജ്യമായ വിതരണ ശൃംഖല നടപ്പിലാക്കാനും ഗ്രൂപ്പ് ലക്ഷ്യമിടുന്നു. കൂടാതെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗ്രൂപ്പിലുടനീളം സ്ത്രീകള്‍, എല്‍ജിബിടിക്യുപ്ലസ് വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ സാന്നിധ്യം 40 ശതമാനമായി ഉയര്‍ത്തും. ഗോദ്റെജ് പ്രോപ്പര്‍ട്ടീസിലും ഗ്രൂപ്പിന്‍റെ കോര്‍പ്പറേറ്റ് സെന്‍ററിലും ഈ ലക്ഷ്യം ഇതിനോടകം കൈവരിച്ചിട്ടുണ്ട്. 2025-ല്‍ ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്‍റെ 15 ശതമാനം ഓഹരി ഉടമസ്ഥതയുള്ള ഗോദ്റെജ് ഫൗണ്ടേഷന്‍ വലിയൊരു തുക  സ്വരൂപീകരിച്ചിട്ടുണ്ട്. ഇതിലൂടെ തങ്ങളുടെ വാര്‍ഷിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അഞ്ചിരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ ഫൗണ്ടേഷന് സാധിക്കും.

പുതിയ ലക്ഷ്യങ്ങള്‍ക്കൊപ്പം ഗ്രൂപ്പിന്‍റെ ഇന്‍-ഹൗസ് ഡിസൈന്‍ ടീമായ ‘ഡിസ്കോ’  രൂപകല്‍പ്പന ചെയ്ത പുതിയ ബ്രാന്‍ഡ് ഐഡന്‍റിറ്റിയും ഗോദ്റെജ് ഗ്രൂപ്പ് പുറത്തിറക്കി. ഗ്രൂപ്പിന് കീഴിലുള്ള വിവിധ കമ്പനികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനും ഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു ഏകീകൃത കോര്‍പ്പറേറ്റ് ബ്രാന്‍ഡ് സംവിധാനം കെട്ടിപ്പടുക്കുന്നതിനുമാണ് ഇത് ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ ഇടങ്ങള്‍ മുതല്‍ നേരിട്ടുള്ള ഇടങ്ങള്‍ വരെ നീളുന്ന വൈവിധ്യമാര്‍ന്ന മാറ്റങ്ങളാണ് പുതിയ ഐഡന്‍റിറ്റിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഒരു പുതിയ ദൃശ്യശൈലി, ഗ്രൂപ്പിനായി മാത്രമുള്ള ജിഐ സാന്‍സ്  ടൈപ്പോഗ്രാഫി, സവിശേഷമായ ഒരു ശബ്ദ ഐഡന്‍റിറ്റി, ഒരു പ്രത്യേക സുഗന്ധം എന്നിവയും അവതരിപ്പിച്ചു. ഡിജിറ്റല്‍-ഭൗതിക തലങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഹൃദ്യമായ അനുഭവം നല്‍കുന്നതിനായി വെറും കാഴ്ചയില്‍ ഒതുങ്ങാതെ, ശബ്ദവും സുഗന്ധവും ഉള്‍പ്പെടുത്തി വിവിധ ഇന്ദ്രിയങ്ങളെ സ്വാധീനിക്കുന്ന രീതിയിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.

ഈ പുതുക്കിയ ബ്രാന്‍ഡ് ഐഡന്‍റിറ്റി തങ്ങള്‍ ആരാണെന്നും എങ്ങോട്ടാണ് മുന്നേറുന്നതെന്നും വ്യക്തമാക്കുന്നതാണ്. ഗോദ്റെജ് എന്ന ബ്രാന്‍ഡിന്‍റെ കരുത്ത് ഉറപ്പിക്കുന്നതോടൊപ്പം ഭാവിയിലേക്കുള്ള തങ്ങളുടെ ലക്ഷ്യങ്ങളെ കൂടുതല്‍ ആധുനികവും ഏകീകൃതവുമായ രീതിയില്‍ അവതരിപ്പിക്കുന്നു. ഓരോ ബിസിനസ്സ് മേഖലയിലും പ്രത്യേകത നിലനിര്‍ത്തിക്കൊണ്ട് തന്നെ ഗ്രൂപ്പിന്‍റെ പൊതുവായ ലക്ഷ്യങ്ങളുമായി കൂടുതല്‍ ശക്തമായി ബന്ധപ്പെടാന്‍ പുതിയ ഐഡന്‍റിറ്റി വഴി സാധിക്കുമെന്ന് ഗോദ്റെജ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ബ്രാന്‍ഡ് ഓഫീസറുമായ തന്യ ദുബാഷ് പറഞ്ഞു.