Your Image Description Your Image Description

2025 ഓടെ ക്ഷയരോഗത്തെ തുടച്ചു നീക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ ഐ ആo എ ടി. ബി. വാരിയര്‍ മിഷന്‍ 2025 ന് തുടക്കം കുറിച്ചു. ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി മുതുകുളം സാദ്രി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ജില്ലാതല പരിപാടിയില്‍ ജില്ലാപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എം.വി. പ്രിയ ടീച്ചര്‍ മിഷന്‍ പ്രഖ്യാപനം നിര്‍വ്വഹിച്ചു.

​ക്ഷയരോഗ നിവാരണം ലക്ഷ്യമിട്ട് ഡിസംബർ 17 മുതൽ മാർച്ച് 24 വരെ ജില്ലയില്‍ നടപ്പിലാക്കിയ 100 ദിന കർമ്മ പരിപാടിയുടെ തുടര്‍ച്ചയായാണ് മിഷന്‍ 2025 ​ കാമ്പയിന്‍. തീരദേശ മേഖലയെ ലക്ഷ്യമിട്ട് അക്ഷയ തീരം, കുടുംബശ്രീ വഴി അക്ഷയ ശ്രീ, സാക്ഷരതാ മിഷനുമായി സഹകരിച്ച് അക്ഷയമക്ഷരം, എച്ച് ഐ വി രോഗബാധിതര്‍, ലൈംഗിക തൊഴിലാളികള്‍ എന്നിവര്‍ക്കായി അക്ഷയസൗഹൃദം, കുട്ടികള്‍ക്കായി പ്രതീക്ഷ, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ക്ഷയരോഗ നിവാരണത്തിനായി സ്വാഭിമാനം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് അക്ഷയമെന്റെ നാട്, ജീവിത ശൈലീ രോഗങ്ങളുള്ളവര്‍ക്കായി മുറ്റത്തെത്തും അക്ഷയമാരോഗ്യം, സന്നദ്ധ പ്രവര്‍ത്തക രുടെ സഹായത്തോടെ വീടു വീടാന്തരമുള്ള ബോധവത്കരണ പരിപാടിയായ മുറ്റത്തെത്തും അക്ഷയമറിവ്, അസംഘടിത മേഖലകള്‍ കേന്ദ്രീകരിച്ച് അക്ഷയമരികിലേക്ക് എന്നിങ്ങനെ വിവിധ വിഭാഗങ്ങളെ ലക്ഷ്യമിട്ട് സമഗ്രവും വൈവിധ്യവും നിരന്തരവുമായ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ മിഷന്‍ 2025 ന്റെ ഭാഗമായി നടപ്പിലാക്കും

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന ചുമ, വൈകുന്നേരങ്ങളിലുണ്ടാകുന്ന പനി, ക്ഷീണം, ഭാരം കുറയുക, രക്തമയത്തോടെയുള്ള കഫം എന്നീ ലക്ഷണങ്ങള്‍ ഏതെങ്കിലും കണ്ടാല്‍ ക്ഷയരോഗ പരിശോധന നടത്തണം.
2. എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ക്ഷയരോഗം കണ്ടെത്തുന്നതിനും ചികിത്സയ്ക്കുമുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. ആറു മുതല്‍ എട്ടു മാസം വരെ നീണ്ടു നില്‍ക്കുന്ന ചികിത്സയിലൂടെ ക്ഷയരോഗം പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കാം. ചികിത്സ തുടങ്ങി മൂന്ന്, നാല് ആഴ്ചകള്‍ക്കുള്ളില്‍ രോഗപകര്‍ച്ച ഇല്ലാതാക്കാന്‍ കഴിയും.അതുകൊണ്ട് രോഗം കണ്ടെത്തിയാല്‍ കൃത്യമായ ചികിത്സ തേടുകയും പോഷക പ്രദമായ ഭക്ഷണം കഴിക്കുകയും വേണം.

3. രോഗ പ്രതിരോധ ശക്തി കുറയാന്‍ ഇടയാക്കുന്ന രോഗാവസ്ഥ, സാഹചര്യങ്ങളിലുള്ളവര്‍ (ജീവിത ശൈലീ രോഗങ്ങളുള്ളവര്‍, എച്ച്.ഐ.വി ബാധിതര്‍, അവയവമാറ്റം കഴിഞ്ഞവര്‍, പുകവലി / മദ്യപാന ശീലമുള്ളവര്‍, പോഷകാഹാരക്കുറവ് ഉളളവര്‍ തുടങ്ങിയവര്‍) ക്ഷയരോഗ പരിശോധന നടത്തണം.

4. ക്ഷയരോഗ ചികിത്സയിലിരിക്കുന്നവര്‍ക്ക് പോഷകപ്രദമായ ഭക്ഷണവും ചികിത്സാ സഹായവും ലഭ്യമാക്കുകയും ആവശ്യമായ പിന്തുണ ലഭ്യമാക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. ആയതിനാല്‍ നിങ്ങളുടെ പ്രദേശത്തുള്ള ക്ഷയരോഗ ബാധിതര്‍ക്ക് ഭക്ഷ്യകിറ്റ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ നേരിട്ട് ലഭ്യമാക്കുന്നതിന് ‘നിക്ഷയ് മിത്ര’ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാവുന്നതാണ്. ഇതിനായി തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രം/ ജില്ലാ ടി ബി കേന്ദ്രം, നിക്ഷയ് മിത്ര വെബ്സൈറ്റ് എന്നിവ വഴി സഹായം ലഭ്യമാക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *