Your Image Description Your Image Description

ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി വനിത ക്രിക്കറ്റ് ലോകകപ്പ് മൽസരങ്ങൾക്ക് തിരുവനന്തപുരവും വേദിയാകും. അഞ്ച് വേദികളിലൊന്നായാണ് തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തെ ബിസിസിഐ തിരഞ്ഞെടുത്തത്. 2025 സെപ്റ്റംബർ മാസമാണ് ഐസിസി വനിത ലോകകപ്പ് ഇന്ത്യയിൽ വെച്ച് നടക്കുക. അഞ്ച് മത്സരങ്ങളെങ്കിലും കേരളത്തില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആകെ എട്ട് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഈ സമയത്ത് കേരളത്തില്‍ മഴയില്ല എന്നതുള്‍പ്പടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചു എന്നാണറിവ്. പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സന്നാഹ മത്സരങ്ങൾ കാര്യവട്ടത്ത് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

ഏതൊക്കെ മത്സരങ്ങളാണ് കേരളത്തിൽ നടക്കുകയെന്ന കാര്യത്തിൽ വൈകാതെ തീരുമാനമാകും. ഇന്ത്യയുടെ മത്സരങ്ങൾ ഉൾപ്പെടെ ലഭിക്കാനാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ശ്രമം. വിശാഖപട്ടണം , ഇൻഡോർ, ഗുവാഹത്തി, മുല്ലൻപുർ (പഞ്ചാബ്) എന്നിവയാണ് മറ്റു വേദികളായി തീരുമാനിച്ചിരിക്കുന്നത്. നോക്കൗട്ട് റൗണ്ട് മത്സരങ്ങൾ ഉൾപ്പെടെ തിരുവനന്തപുരത്ത് അനുവദിച്ചേക്കും. രാജ്യത്തെ മികച്ച രാജ്യാന്തര സ്റ്റേഡിയങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന സ്പോർട്സ് ഹബ്ബ് സ്റ്റേഡിയം ആദ്യമായാണ് ഐസിസി ചാംപ്യൻഷിപ്പിന് വേദിയാകുന്നത്. 2023ൽ ഇന്ത്യ വേദിയായ പുരുഷ ഏകദിന ലോകകപ്പിന്റെ സന്നാഹ മത്സരങ്ങൾ ഇവിടെ നടന്നിരുന്നു. ഇതുവരെ 2 ഏകദിനങ്ങൾ ഉൾപ്പെടെ 6 രാജ്യാന്തര മത്സരങ്ങൾക്കാണ് തിരുവനന്തപുരം സ്റ്റേഡിയം വേദിയായത്.

12 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 2013ല്‍ മുംബൈയിലും കട്ടക്കിലുമായി ഒന്നിലധികം വേദികളിലായാണ് അവസാനമായി ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ഉദ്ഘാടന ചടങ്ങും ടൂര്‍ണമെന്റിലെ ആദ്യ മത്സരവും വിശാഖപട്ടണത്തായിരിക്കും നടക്കുക. ഫൈനല്‍ ഇന്‍ഡോറിലോ ഗുവാഹത്തിയിലോ ആയിരിക്കും. 2025 ലെ വനിതാ ലോകകപ്പിന് ശേഷം 2026 ടി20 ലോകകപ്പില്‍ ശ്രീലങ്കയുമായി സംയുക്ത ആതിഥേയത്വം വഹിക്കും. മൂന്ന് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ലോകകപ്പിനായി ബിസിസിഐ വേദികള്‍ നിശ്ചയിച്ചത് വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *