Your Image Description Your Image Description

ഹൈദരാബാദ്: ഐപിഎൽ ക്രിക്കറ്റ് കമ​ന്ററിക്കിടെ ഇം​ഗ്ലീഷ് താരത്തെ വംശീയമായി അധിക്ഷേപിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. രാജസ്ഥാൻ റോയൽസിന്‍റെ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറെയാണ് മുൻ ഇന്ത്യൻ സ്പിൻ ഇതിഹാസം ഹർഭജൻ സിങ് വംശീമായി അധിക്ഷേപിച്ചത്. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ നടന്ന മത്സരത്തി​ന്റെ കമന്‍ററിക്കിടെയാണ് ആർച്ചറെ കാലി ടാക്സി (കറുത്ത ടാക്സി) എന്ന് ഹർഭജൻ സിങ് വിശേഷിപ്പിച്ചത്. ഈ വിവാദ പരാമർശത്തെത്തുടർന്ന് ഹർഭജനെ ഐ.പി.എൽ കമന്‍ററി പാനലിൽനിന്ന് വിലക്കണമെന്ന് ആരാധകർ ആവശ്യപ്പെട്ടു.

ഹൈദരാബാദ് ഐ.പി.എല്‍ ചരിത്രത്തിലെ രണ്ടാമത്തെ വലിയ ടീം ടോട്ടല്‍ കുറിച്ച മത്സരത്തിൽ രാജസ്ഥാനായി പന്തെറിഞ്ഞവർക്കെല്ലാം കണക്കിന് കിട്ടിയിരുന്നു. ഏറ്റവും കൂടുതല്‍ അടി വാങ്ങിയത് ആര്‍ച്ചറായിരുന്നു. നാല് ഓവര്‍ പന്തെറിഞ്ഞ ആര്‍ച്ചര്‍ 76 റണ്‍സാണ് വഴങ്ങിയത്. വിക്കറ്റൊന്നും കിട്ടിയതുമില്ല. ആസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ് തകര്‍ത്തടിച്ചതോടെ ആദ്യ ഓവറില്‍ 23 റണ്‍സാണ് ആര്‍ച്ചര്‍ വിട്ടുകൊടുത്തത്.

ഇതോടെ ഒരു ഐ.പി.എല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമെന്ന റെക്കോഡും ആര്‍ച്ചറുടെ പേരിലായി. 2024 സീസണില്‍ ഡല്‍ഹി കാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ മോഹിത് ശര്‍മ വഴങ്ങിയ 73 റണ്‍സ് പഴങ്കഥയായി. ഇത്തവണ 12.50 കോടി രൂപക്കാണ് രാജസ്ഥാന്‍ ആര്‍ച്ചറെ ടീമിലെത്തിച്ചത്.

മത്സരത്തിൽ ആർച്ചർ 18ാം ഓവർ എറിയുന്നതിനിടെയാണ് ഹർഭജൻ വിവാദ പരാമർശം നടത്തുന്നത്. ആർച്ചറുടെ രണ്ടു, മൂന്നു പന്തുകൾ തുടർച്ചയായി ബൗണ്ടറി കടത്തിയതിനു പിന്നാലെയായിരുന്നു പരാമർശം. ‘ലണ്ടനിൽ കറുത്ത ടാക്സിയുടെ മീറ്റർ വേഗത്തിൽ ഓടുന്നതുപോലെ, ഇവിടെ ആർച്ചറുടെ മീറ്ററും വേഗത്തിൽ ഓടുന്നു’ -എന്നായിരുന്നു ഹിന്ദിയിലെ പരാമർശം. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഐ.പി.എൽ കമന്‍ററി പാനലിൽനിന്ന് ഹർഭജനെ ഉടൻ നീക്കണമെന്ന ആവശ്യവുമായി ആരാധകർ സമൂഹമാധ്യമങ്ങളിൽ സജീവമാകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *