കോട്ടയം: വൈക്കം വെള്ളൂരില്‍ വീടിനുള്ളില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. വെള്ളൂര്‍ ഇറുമ്പയത്താണ് സംഭവം. മുപ്പതിന് മുകളില്‍ പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നഗ്നമായ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് വിവരം. ഇറുമ്പയം ശാരദവിലാസം വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
വയോധിക ദമ്പതികളും മകനുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ദമ്പതികള്‍ ബന്ധുവീട്ടില്‍ പോയി തിരികെ എത്തിയപ്പോഴാണ് മൃതദേഹം തിണ്ണയില്‍ കിടക്കുന്ന രീതിയില്‍ കണ്ടെത്തിയത്. ഇവരുടെ മകന്റെതു തന്നെയാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വെള്ളൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.