Your Image Description Your Image Description

കഴിഞ്ഞ വർഷം വിപണിയിലെത്തി കൊടുങ്കാറ്റായ മോഡലായിരുന്നു ഥാർ റോക്‌സ് . ഒരു വണ്ടിയിൽ കിട്ടാവുന്ന എല്ലാത്തരം മോഡേൺ ഫീച്ചറുകളും കുത്തിനിറച്ചെത്തിയ 5-ഡോർ എസ്‌യുവി ഹിറ്റാവാൻ ഇതിൽ കൂടുതൽ കാരണങ്ങളും വേണ്ടായിരുന്നു എന്നതാണ് സത്യം. ശരിക്കും പ്രാക്‌ടിക്കലായി കൊണ്ടുനടക്കാൻ പറ്റുന്ന ഫാമിലി സ്പോർട് യൂട്ടിലിറ്റി വാഹനമായി മാറാൻ ഇത്രവേഗം ഥാറാനാവുമെന്ന് ആരും കരുതിയതുമില്ല. അങ്ങനെ കുറ്റങ്ങളും കുറവുകളുമൊന്നുമില്ലാതെ ചീറിപാഞ്ഞെത്തിയ മോഡലിനെ ആളുകളെല്ലാം നെഞ്ചിലേറ്റുകയും ചെയ്‌തിട്ടുണ്ട്. ഒരു 20-25 ലക്ഷം രൂപയൊക്കെ ബജറ്റുള്ളവരുടെ ആദ്യ ചോയ്‌സായിരിക്കും മഹീന്ദ്ര ഥാർ റോക്‌സ്. ഇപ്പോഴിതാ കുറച്ച് ഫീച്ചറുകൾ കൂടി കൊണ്ടുവന്ന് മഹീന്ദ്ര ഥാർ റോക്‌സിന് 2025 മോഡൽ ഇയർ പരിഷ്ക്കാരം നൽകിയിരിക്കുകയാണ് കമ്പനി. ഇന്ത്യയിലെ തദ്ദേശീയ വാഹന നിർമാതാക്കളുടെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ഉൽപ്പന്നങ്ങളിലൊന്നിലേക്ക് കൊണ്ടുവന്നിരിക്കുന്ന പുതിയ ഫീച്ചറുകൾ എന്തെല്ലാമെന്ന് വിശദമായി നോക്കിയാലോ? എസ്‌യുവിയിലെ സുഖസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായുള്ള ചെറിയ ഫീച്ചർ അപ്‌ഗ്രേഡുകൾ മാത്രമാണ് പുത്തൻ മോഡലിന് നൽകിയിട്ടുള്ളത്. 2025 മഹീന്ദ്ര ഥാർ റോക്‌സിൽ എയറോഡൈനാമിക് വൈപ്പറുകൾ, കീലെസ് എൻട്രി, സ്ലൈഡിംഗ് പാസഞ്ചർ സൈഡ് ഫ്രണ്ട് ആംറെസ്റ്റ് എന്നിവയാണ് 5-ഡോർ ഥാറിലേക്ക് പുതുതായി അവതരിപ്പിച്ചിരിക്കുന്ന സവിശേഷതകൾ. പുതിയ മോഡൽ ഇയർ പരിഷ്ക്കാരത്തിൽ കമ്പനി മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. മുമ്പ് ലഭ്യമായിരുന്നത് പോലെ തന്നെ തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് ഥാറിൽ എല്ലാ ഫീച്ചറുകളും തുടർന്നും ലഭ്യമാവും. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 9-സ്പീക്കർ ഹാർമൻ കാർഡൺ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, 6-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, റിയർ വെന്റുകളുള്ള ഓട്ടോ എസി, കൂൾഡ് ഗ്ലൗബോക്സ്, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ, വൈപ്പറുകൾ, ഇന്റലിടേൺ ടൈറ്റ് ടേൺ ഫീച്ചർ എന്നിവയുൾപ്പെടെയുള്ള ആധുനിക ഫീച്ചറുകളാൽ സമ്പന്നമായ എസ്‌യുവിയാണ് മഹീന്ദ്ര ഥാർ റോക്‌സ്. ഇനി സേഫ്റ്റി ഫീച്ചറുകളുടെ കാര്യമെടുത്താൽ 6 എയർബാഗുകൾ , 360-ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയുൾപ്പെടെയുള്ള ചില അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം പോലുള്ള സവിശേഷതകളും 5-ഡോർ ഥാറിൽ കുത്തിനിറച്ചിട്ടുണ്ട്. എഞ്ചിൻ വശങ്ങളിലും മുൻഗാമിക്ക് സമാനമായിട്ടാണ് ഏറ്റവും പുതിയ 2025 മോഡൽ മഹീന്ദ്ര ഥാർ റോക്‌സ് വിപണിയിലെത്തുന്നത്. ഇതിൽ ആദ്യത്തെ 2.0 ലിറ്റർ ഫോർ സിലിണ്ടർ എംസ്റ്റലിയൺ ടർബോ പെട്രോൾ എഞ്ചിന് 177 bhp പവറിൽ പരമാവധി 380 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 2.2 ലിറ്റർ ഫോർ സിലിണ്ടർ എംഹോക്ക് ഡീസലിന് 175 bhp കരുത്തിൽ 370 Nm torque വരെയും നൽകാനാവുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. മൈലേജ് കണക്കുകൾ പ്രകാരം എസ്‌യുവിയുടെ പെട്രോൾ എഞ്ചിൻ ലിറ്ററിന് 12.40 കിലോമീറ്റർ ഇന്ധനക്ഷമതയും ഡീസലിൽ ലിറ്ററിന് 15.20 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. XUV700, സ്കോർപിയോ-N തുടങ്ങിയ മോഡലുകളിൽ കാണുന്ന അതേ എഞ്ചിനാണെങ്കിലും വ്യത്യസ്‌തമായ ട്യൂണിംഗിലാണ് ഥാർ 5-ഡോറിൽ ഇവ ഒരുക്കിയിരിക്കുന്നത്. RWD, 4X4 പതിപ്പുകളും ഥാർ 5-ഡോറിനുണ്ടാവുമെങ്കിലും ഡീസലിൽ മാത്രമാണ് 4X4 കൊടുത്തിരിക്കുന്നത്. വാട്ട്സ് ലിങ്കേജുള്ള മൾട്ടിലിങ്ക് റിയർ സസ്‌പെൻഷൻ, മഹീന്ദ്രയുടെ ഫ്രീക്വൻസി ഡിപൻഡന്റ് ഡാമ്പിംഗ് സാങ്കേതികവിദ്യ, 650 mm വാട്ടർ വേഡിംഗ് ഡെപ്ത്, മൾട്ടിപ്പിൾ ഡ്രൈവ് മോഡലുകൾ എന്നിവയാണ് വാഹനത്തിനെ അടിപൊളിയാക്കുന്ന മറ്റ് കാര്യങ്ങൾ. വരും മാസങ്ങളിൽ പുതുക്കിയ 3-ഡോർ ഥാറിനെ അവതരിപ്പിക്കാനും മഹീന്ദ്ര പദ്ധതിയിടുന്നുണ്ട്. ഇതിൽ 5-ഡോറിന് സമാനമായ ചില പരിഷ്ക്കാരങ്ങളാവും ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *