Your Image Description Your Image Description

വീടും കുടുംബവും വിട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടരുകയാണ്‌ ആശാവർക്കർമാർ. ദുരിതം നിറഞ്ഞ ജീവിതസാഹചര്യങ്ങളാണ് അവരെ സെക്രട്ടറിയേറ്റ് നടയിലെത്തിച്ചത്. നിലവിലുള്ള ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ അനുവദിക്കുക, കുടിശ്ശിക തുക നൽകുക എന്നിവയാണ് ആശമാരുടെ ആവശ്യങ്ങൾ. ഇത് അംഗീകരിക്കും വരെ സമരമെന്നാണ് അവരുടെ നിലപാട്. എന്നാൽ വിഷയത്തിൽ പരിഹാരം കാണാതെ കേന്ദ്രത്തിനു മേൽ പഴിചാരുകയാണ് കേരളം സർക്കാർ. കേന്ദ്രം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024-25 കാലഘട്ടത്തിൽ കേരളത്തിന് 913.24 കോടി രൂപയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള നീക്കിയിരിപ്പ് എന്നും സംസ്ഥാനത്തിന് ഇക്കാലയളവിൽ 938.80 കോടി രൂപ നൽകിക്കഴിഞ്ഞുവെന്നും വിശദീകരണത്തിൽ പറയുന്നു. നീക്കിയിരിപ്പിനേക്കാളും കൂടുതൽ പണം സംസ്ഥാനത്തിന് നൽകിക്കഴിഞ്ഞു എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. സി.ഐ.ടി.യു നേതാക്കളും മുൻ ആരോഗ്യ മന്ത്രിയും ഇവരെ പരിഹസിക്കുകയും, കേരള സർക്കാരിനോടല്ല കേന്ദ്ര സർക്കാരിനോടാണ് സമരം വേണ്ടതെന്ന് ആക്രോശിക്കുകയും ചെയ്യുന്നത് മാർകിസ്റ്റ് പാർട്ടിയുടെ ജനാധിപത്യ വിരുദ്ധതയും ഫാസിസ്റ്റ് മനോഭാവവും തുറന്നുകാണിക്കുന്നതാണ്. വീടുകൾ കയറിയിറങ്ങി സർക്കാരിന്റെ പൊതുജനാരോഗ്യ പ്രതിരോധ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണം, വീടുകളിൽ കഴിയുന്ന രോഗികൾക്ക് മരുന്ന് എത്തിക്കുക, വിവരശേഖരണം, ആശുപത്രികളിലെ പ്രത്യേക ഡ്യൂട്ടി തുടങ്ങി പൊതുജനാരോഗ്യ സുരക്ഷയ്‌ക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്നവറാൻ ആശാവർക്കാർമാർ. ഇപ്പോഴിതാ യാതൊരു വഴിയുമില്ലാതെ നിരാഹാര സമരത്തിലേക്ക് കടക്കുകയാണ് ഈ പാവം സ്ത്രീകൾ. സെക്രട്ടേറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ പ്രവർത്തകരുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായുള്ള ചർച്ചയിൽ സമരക്കാരുടെ ആവശ്യങ്ങളൊന്നും ചർച്ച ചെയ്യപ്പെട്ടില്ല. നാളെ നിരാഹാര സമരം ആരംഭിക്കുമെന്ന് ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ സമരക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ അതിശക്തമായ സമരം തുടരുമെന്ന് ആശാവർക്കേഴ്സ് അറിയിച്ചു. സംസ്ഥാന എൻഎച്ച്എം ഓഫീസിലാണ് ചർച്ച നടന്നത്. എൻഎച്ച്എം ഡയറക്ടറാണ് ചർച്ചയ്ക്ക് വിളിച്ചത്. എൻഎച്ച്എം ഡയറക്ടർ വിനോയ് ഗോയലിന്റെ നേതൃത്വത്തിലാണ് ചർച്ച നടന്നത്. നിരാഹാര സമരത്തിലേക്ക് ഉൾപ്പെടെ കടന്ന് സമരം ശക്തമാക്കാനിരിക്കെയാണ് ആശാവർക്കർമാരെ ചർച്ചയ്ക്ക് സർക്കാർ വിളിച്ചത്. ആവശ്യങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നം ചർച്ചയ്ക്ക് വിളിച്ചതിൽ സന്തോഷമുണ്ടെന്നും പ്രതീക്ഷയുണ്ടെന്നും ആശാ വർക്കർമാർ പ്രതികരിച്ചു.ഒരു മാസത്തിലധികം സമരം നീണ്ടുനിന്നശേഷമാണ് സർക്കാർ ചർച്ചയ്ക്ക് വിളിപ്പിച്ചത്. രണ്ടാം വട്ടമാണ് എൻഎച്ച്എം ഓഫീസിൽ ചർച്ച നടക്കുന്നത്. നേരത്തെ ചർച്ച നടന്നിരുന്നെങ്കിലും പരിഹാരമായിരുന്നില്ല. ശക്തമായ സമരവുമായി മുന്നോട്ട് പോകും.

Leave a Reply

Your email address will not be published. Required fields are marked *