Your Image Description Your Image Description

ന്യൂഡൽഹി: 24 ദലിതരെ 1981-ൽ ദിഹുലിയിൽ കൂട്ടക്കൊല ചെയ്ത കേസിൽ മൂന്ന് പേർക്ക് വധശിക്ഷ വിധിച്ച് ഉത്തർപ്രദേശ് മെയിന്‍പുരിയിലെ പ്രത്യേക കോടതി. 70 വയസ്സുള്ള മൂന്ന് പ്രതികളായ കപ്താൻ സിംഗ്, രാംസേവക്, രാംപാൽ സിംഗ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. സ്ത്രീകളും ആറ് മാസവും രണ്ട് വയസ്സും പ്രായമുള്ള രണ്ട് കുട്ടികളും ഉൾപ്പെടെ 24 ദലിതരെയാണ് മേല്‍ജാതിക്കാരുടെ സംഘം കൊലപ്പെടുത്തിയത്. അന്ന് മെയിൻപുരി ജില്ലയിലും ഇപ്പോൾ ഫിറോസാബാദിലുമുള്ള ദിഹുലിയിലായിരുന്നു രാജ്യത്തെ നടുക്കിയ കൂട്ടക്കൊല.

ഉയർന്ന ജാതിക്കാരായ പ്രതികള്‍ക്കെതിരെ മൊഴി നൽകിയതിനുള്ള പ്രതികാരമായിരുന്നു കൂട്ടക്കൊല ആസൂത്രണം ചെയ്തത്. 1981 നവംബർ 18ന് വൈകുന്നേരം 4.30 ഓടെ പൊലീസ് യൂണിഫോം ധരിച്ച 17 പേരടങ്ങുന്ന സംഘം ദിഹുലിയിലേക്ക് ഇരച്ചുകയറി. ഠാക്കൂർ വിഭാ​​ഗത്തിൽപ്പെട്ട രാധേശ്യാം സിംഗ് എന്ന രാധേയ്, സന്തോഷ് സിംഗ് എന്ന സന്തോഷ എന്നിവരുടെ നേതൃത്വത്തിൽ ദലിത് കുടുംബത്തെ ലക്ഷ്യമിട്ട് നടത്തിയ വെടിവെപ്പിൽ 24പേരാണ് കൊല്ലപ്പെട്ടത്.

എഫ്‌ഐആറിൽ 17 പേർക്കെതിരെ ഐപിസി സെക്ഷൻ 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 396 (കൊലപാതകവുമായി ബന്ധപ്പെട്ട കൊള്ള) വകുപ്പുകൾ പ്രകാരം കേസെടുത്തു. നാല് പതിറ്റാണ്ടിലേറെ നീണ്ട വിചാരണയിൽ 14 പേർ മരിച്ചു. മറ്റൊരു പ്രതിയായ ഗ്യാൻ ചന്ദ് എന്ന ഗിന്ന ഒളിവിൽപ്പോയതായി പൊലീസ് പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *