Your Image Description Your Image Description

വനിതാ പ്രീമിയര്‍ ലീഗ് കിരീടം മുംബൈ ഇന്ത്യന്‍സിന്. ആവേശകരമായ ഫൈനലില്‍ ഡല്‍ഹി കാപിറ്റല്‍സിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ ഇന്ത്യന്‍സ് രണ്ടാം കിരീടം നേടുന്നത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 20 ഓവറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനെ സാധിച്ചുള്ളു. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഡല്‍ഹി വനിത പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ പരാജയപ്പെടുന്നത്.

നേരത്തെ ടോസ് നേടിയ ഡല്‍ഹി മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ രണ്ടിന് 14 എന്ന നിലയില്‍ മുംബൈ തകര്‍ന്നിരുന്നു. എന്നാല്‍ തുടക്കത്തില്‍ നേരിട്ട തകര്‍ച്ചയില്‍ നിന്നും ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗറാണ് മുംബൈയെ രക്ഷിച്ചത്. 44 പന്തില്‍ 66 റണ്‍സാണ് ഹര്‍മ്മന്‍പ്രീതിന്റെ സംഭാവന. നതാലി സ്‌കിവര്‍ ബ്രന്‍ഡ് 30 റണ്‍സെടുത്തു. മൂന്നാം വിക്കറ്റില്‍ സ്‌കിവര്‍ – ഹര്‍മന്‍പ്രീത് സഖ്യം 89 റണ്‍സ് കൂട്ടിചേര്‍ത്തു. ഡല്‍ഹിക്ക് വേണ്ടി മരിസാനെ കാപ്പ്, ജെസ് ജോനാസെന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഡല്‍ഹി ക്യാപിറ്റല്‍സിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി. 21 പന്തില്‍ 30 റണ്‍സെടുത്ത ജമീമ റോഡ്രിഗസും 26 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സറും സഹിതം 40 റണ്‍സ് നേടിയ മരിസാന്‍ കാപ്പുമാണ് ഡല്‍ഹിക്ക് വിജയപ്രതീക്ഷകള്‍ നല്‍കിയത്. അവസാന ഓവറുകളില്‍ പുറത്താകാതെ 23 പന്തില്‍ 25 റണ്‍സെടുത്ത നിക്കി പ്രസാദിന്റെ പ്രകടനം ഡല്‍ഹിയുടെ വിജയത്തിലെത്തിയില്ല. മുംബൈയ്ക്കായി ബൗളിങ്ങിലും തിളങ്ങിയ നതാലി സ്‌കിവര്‍ മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *