Your Image Description Your Image Description

അടുത്ത വർഷം അവസാനത്തോടെ ടെസ്‌ലയുടെ ഹ്യൂമനോയിഡ് ബോട്ടായ ഒപ്റ്റിമസിനെയും വഹിച്ചുകൊണ്ട് സ്റ്റാർഷിപ്പ് ചൊവ്വയിലേക്ക് പുറപ്പെടുമെന്ന് ഇലോൺ മസ്‌ക്. ചൊവ്വയില്‍ 2029ൽ തന്നെ മനുഷ്യ ലാൻഡിംഗ് ആരംഭിക്കാൻ കഴിയുമെന്നും എക്‌സിലെ പോസ്റ്റിലൂടെ മസ്‌ക് പ്രഖ്യാപിച്ചു. എന്നാല്‍ ഗ്രഹാന്തര യാത്രയ്ക്കുള്ള വാഹനമായ സ്റ്റാര്‍ഷിപ്പിന്‍റെ പരീക്ഷണം ഇതുവരെ പൂര്‍ത്തിയാക്കാന്‍ മസ്കിന്റെ സ്പേസ് എക്സിനായിട്ടില്ല.

സ്റ്റാര്‍ഷിപ്പിന്‍റെ അവസാന രണ്ട് പരീക്ഷണവും പൊട്ടിത്തെറിയിലാണ് അവസാനിച്ചത്. “ഒപ്റ്റിമസിനെയും വഹിച്ചുകൊണ്ട് സ്റ്റാർഷിപ്പ് അടുത്ത വർഷം അവസാനം ചൊവ്വയിലേക്ക് പുറപ്പെടും. ആ ലാൻഡിംഗ് വിജയകരമായാൽ, 2029ൽ തന്നെ മനുഷ്യ ലാൻഡിംഗ് നടന്നേക്കാം. എങ്കിലും 2031 ആണ് കൂടുതൽ സാധ്യത,” മസ്‌ക് തന്‍റെ എക്‌സ് പോസ്റ്റിൽ കുറിച്ചു.

മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലുതും കരുത്തുറ്റതും ഭാരം വഹിക്കുന്നതുമായ ബഹിരാകാശ റോക്കറ്റായ സ്റ്റാർഷിപ്പ്. 403 അടി ഉയരത്തിൽ ഉയരമുള്ള സ്റ്റാർഷിപ്പ് പൂർണ്ണമായും പുനരുപയോഗിക്കാവുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബൂസ്റ്റര്‍, സ്റ്റാര്‍ഷിപ്പ് സ്പേസ്‌ക്രാഫ്റ്റ് എന്നിങ്ങനെ രണ്ട് ഭാഗങ്ങള്‍ ഈ റോക്കറ്റിനുണ്ട്. സൂപ്പര്‍ ഹെവി ബൂസ്റ്ററിന് മാത്രം 71 മീറ്ററാണ് ഉയരം. 33 റാപ്റ്റര്‍ എഞ്ചിനുകളാണ് ബൂസ്റ്ററിന്‍റെ കരുത്ത്. 52 മീറ്ററാണ് ഏറ്റവും മുകളിലെ ഷിപ്പ് ഭാഗത്തിന്‍റെ ഉയരം. ഈ രണ്ട് ഭാഗങ്ങളും വിക്ഷേപണത്തിന് ശേഷം പുനരുപയോഗിക്കുകയാണ് സ്പേസ് എക്സിന്‍റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *