Your Image Description Your Image Description

മലയാളത്തിലെ പരിണത പ്രജ്ഞരെന്ന് മേനിനടിക്കുന്ന ഒരുപാട് ജേർണലിസ്റ്റുകളെ നിഷ്പ്രഭരാക്കിയാണ് സ്വന്തം വ്യക്തിപ്രഭാവം കൊണ്ട് മാത്രം 24ചാനലിനെ ശ്രീകണ്ഠൻ നായർ ഒറ്റയടിക്ക് മുൻനിരയിൽ എത്തിച്ചത്. 2018ൽ തുടങ്ങിയ ചാനൽ തുടക്കം മുതൽ തന്നെ മനോരമ, മാതൃഭൂമി അടക്കം പ്രമുഖരെ പിന്തള്ളി രണ്ടാം സ്ഥാനമുറപ്പിച്ചത് മലയാള മാധ്യമ ചരിത്രത്തിലെ അപൂർവതയാണ്. എല്ലാത്തരം വിമർശകർക്കും അവഗണിക്കാനാവാത്ത സാന്നിദ്ധ്യമായി 24 ന്യൂസ് ചാനൽ വളർന്നു കഴിഞ്ഞു എന്നാണ് വ്യക്തമാകുന്നത്. മാധ്യമ കുലപതിമാരെന്ന് വിശേഷണമുള്ള മനോരമയിലും ഏഷ്യാനെറ്റിലും വിനോദപരിപാടികൾ നടത്തിപ്പോന്ന ശ്രീകണ്ഠൻ നായർ, ആ അനുഭവപരിചയം വച്ച് ഫ്ളവേഴ്‌സ് ചാനൽ തുടങ്ങിയപ്പോൾ ഈ വിജയം ആരും വിചാരിച്ചില്ല. പിന്നാലെ തുടങ്ങിയ ന്യൂസ് ചാനലും പൊന്നുവിളയിച്ചതോടെ ശ്രീകണ്ഠൻ നായരുടെ മൂല്യമുയർന്നു. ഇതേ ശ്രീകണ്ഠൻ നായർ സ്വതവേയുള്ള സൗമ്യത കൈവിട്ട് പൊട്ടിത്തെറിക്കുന്ന സാഹചര്യമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. “സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത് എന്നുള്ളത് എനിക്ക് ഭയങ്കരമായിട്ട് സംശയം തോന്നുകയാണ്. ഈഗോ നിങ്ങൾക്ക് പിന്നെ പിടിക്കാമായിരുന്നല്ലോ, സ്ഥാപനം നന്നായി പോകട്ടെന്നുള്ളതല്ലേ വേണ്ടത്…. നമ്മളീ മത്സരത്തിൻ്റെ മുനമ്പിൽ ലീഡ് ചെയ്യുന്ന സമയത്ത്, കൊല്ലത്ത് പോയിക്കിടന്ന് ഇങ്ങനൊക്കെയുള്ള പോരാട്ടങ്ങൾ നടത്തുന്നവര് ഈ സ്ഥാപനത്തോട് ചെയ്യുന്ന ദ്രോഹമെന്താണെന്ന് ഇവരൊക്കെ ആലോചിക്കുന്നുണ്ടോ? ഞാനിപ്പോ ഇത്രമാത്രമേ പറയുന്നുള്ളൂ, മെൻ്റലി ഞാൻ വളരെ രോഷത്തിലാണെന്ന് കൂടി നിങ്ങൾ മനസിലാക്കുക.” ചാനലിലെ ജേർണലിസ്റ്റുകൾ എല്ലാവർക്കുമായി ശ്രീകണ്ഠൻ നായർ കഴിഞ്ഞദിവസം അയച്ച സന്ദേശമാണിത്. കൊല്ലത്ത് നടന്ന സിപിഎം സമ്മേളനത്തിൻ്റെ റിപ്പോർട്ടിങ്ങിനിടെ മുതിർന്ന രണ്ട് ജേണലിസ്റ്റുകൾ തമ്മിലുണ്ടായ ഈഗോ പ്രശ്നങ്ങൾ സ്ഥാപനത്തിൻ്റെ പ്രകടനത്തെ ബാധിച്ചുവെന്നും ഇക്കാര്യത്തിൽ ഇരുവരും വിശദീകരണം നൽകണമെന്നും ആണ് അതീവ രോഷാകുലനായി ശ്രീകണ്ഠൻ നായർ ആവശ്യപ്പെടുന്നത്. ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും പണ്ടത്തേത് പോലുള്ള പരിഗണനയുടെ കടയെല്ലാം അടയ്ക്കുകയാണെന്നും അദ്ദേഹം പറയുന്നു. ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ് എന്ന അസാധാരണ പ്രയോഗവും ഇതിനൊടുവിൽ അദ്ദേഹം നടത്തുന്നുണ്ട്. ശ്രീകണ്ഠൻ നായർ പ്രതിസ്ഥാനത്ത് നിർത്തുന്ന ആർ ശ്രീജിത് 24 ന്യൂസിൻ്റെ തിരുവനന്തപുരം റീജിയണൽ ബ്യൂറോ ചീഫാണ്. ദീപക് ധർമ്മടം കോഴിക്കോട് ചീഫും. ഈ രണ്ട് ജേർണലിസ്റ്റുകളും സിപിഎമ്മിൽ ബന്ധങ്ങളുള്ളവരും, മികച്ച വാർത്തകൾ പുറത്ത് കൊണ്ടുവന്നിട്ടുള്ളവരുമാണ്. എന്നാൽ ഇരുവരെയും ഒന്നിച്ച് സമ്മേളന റിപ്പോർട്ടിങ്ങിന് നിയോഗിച്ചപ്പോൾ പരസ്പരമുള്ള ഈഗോ കാരണം പല വാർത്തകളും മുങ്ങിപ്പോയി. പാർട്ടി പദവികളിൽ നിന്നൊഴിവാക്കപ്പെട്ട എകെ ബാലൻ കൊല്ലത്ത് പൊട്ടിക്കരഞ്ഞപ്പോൾ ശ്രീജിത് തൊട്ടടുത്ത് ഉണ്ടായിരുന്നുവെന്നും എന്നാൽ വേണ്ടതുപോലെ കൈകാര്യം ചെയ്തില്ലെന്നും ശ്രീകണ്ഠൻ നായർ പറയുന്നു. ഇങ്ങനെ വിവരങ്ങളെല്ലാം അന്വേഷിച്ചറിഞ്ഞ ശേഷമാണ് ചീഫ് എഡിറ്ററെന്ന നിലയ്ക്കുള്ള രോഷപ്രകടനം. നിലവിലെ ചാനൽ മത്സരത്തിൻ്റെ സാഹചര്യത്തിൽ 24 കനത്ത വെല്ലുവിളി നേരിടുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് 24 ന്യൂസും റിപ്പോർട്ടർ ചാനലും നടത്തുന്നത്. ഏഷ്യാനെറ്റ് പോലെ കനമുള്ള ന്യൂസ് സ്റ്റോറികളുടെയോ, പാരമ്പര്യത്തിൻ്റെയോ കരുത്ത് കൈമുതലായി ഇല്ലാത്ത ഇരുകൂട്ടരും ആശ്രയിക്കുന്നത് അവതാരകരുടെ പ്രകടനത്തെയാണ്. അതിൽ തന്നെ 24ൻ്റെ ഭാരമേറ്റവും വഹിക്കുന്നത് ശ്രീകണ്ഠൻ നായരാണ്. പാർട്ടി സമ്മേളനങ്ങൾ, തിരഞ്ഞെടുപ്പുകൾ പോലെ പലദിവസം നീളുന്ന റിപ്പോർട്ടിങ് മഹാമഹം നടക്കുമ്പോൾ ഫീൽഡ് പ്രകടനത്തിൽ മറ്റ് ചാനലുകൾ മുന്നേറും. ആ മത്സരബുദ്ധി ഒട്ടും ഉൾക്കൊള്ളാതെ, പരസ്പരമുള്ള പെറ്റിമത്സരമാണ് മുതിർന്നവർ നടത്തിയത് എന്നതാണ് ചീഫ് എഡിറ്ററെ ഇത്രമേൽ ചൊടിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *