ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ പുതിയ ക്യാപ്റ്റനായി അക്സർ പട്ടേലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്യാപ്റ്റനാവാൻ താല്പര്യമില്ലെന്ന് ടീമിലെ സീനിയർ താരമായ കെ എൽ രാഹുൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അക്സർ പട്ടേൽ ഏഴ് സീസണുകളായി ഡൽഹി ക്യാപിറ്റൽസിന്റെ പ്രധാന അംഗമാണ്.
അതേസമയം 150 ഐപിഎൽ മത്സരങ്ങളിലൂടെ പട്ടേൽ ഏകദേശം 131 സ്ട്രൈക്ക് റേറ്റിൽ 1,653 റൺസ് നേടിയിട്ടുണ്ട്. കൂടാതെ 123 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസിന് വേണ്ടി പട്ടേൽ 82 മത്സരങ്ങൾ കളിച്ചു. കഴിഞ്ഞ സീസണിൽ ക്യാപ്റ്റനായിരുന്ന റിഷഭ് പന്ത് വിലക്ക് മൂലം പുറത്തിരുന്നപ്പോൾ ഒരു മത്സരത്തിൽ അക്സർ പകരക്കാരനായി ടീമിനെ നയിച്ചിരുന്നു. വരുന്ന 24 ന് ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ഡൽഹിയുടെ ആദ്യ മത്സരം.