Your Image Description Your Image Description

കോഴിക്കോട്: രാസലഹരി കേസിൽ വീണ്ടും ടാൻസാനിയക്കാർ പിടിയിൽ. കോഴിക്കോട് കാരന്തൂരിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് രണ്ട് ടാൻസാനിയക്കാർ പിടിയിലായത്. പഞ്ചാബിലെ പ്രമുഖ സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണ് ഇരുവരും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വില്‍പ്പനക്കാരാണ് പിടിയിലായ ടാന്‍സാനിക്കാരെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം.

പഞ്ചാബിലെ പ്രമുഖ സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണ് പിടിയിലായ ഡേവിഡ് എൻഡമിയും അറ്റ്ക ഹാരുണ എന്ന യുവതിയും. ഇവരെ ഫഗ്വാരയിൽ വെച്ചാണ് കുന്ദമംഗലം ഇൻസ്പെക്ടർ കിരണും സംഘവും പിടികൂടിയത്.സര്‍വ്വകലാശാലക്കടുത്ത് പെയിംഗസ്റ്റായി താമസിക്കുന്ന സ്ഥലത്ത് നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ ജനുവരി 21 ന് കാരന്തൂരിലെ സ്വകാര്യ ലോഡ്ജിൽ വെച്ച് 221 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ കുന്ദമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ കേസിൻ്റെ തുടർ അന്വേഷണത്തിൽ മൈസൂരിൽ വെച്ച് മുഹമ്മദ് അജ്മൽ എന്നായാളെ അറസ്റ്റു ചെയ്തു. ഇയാളിൽ നിന്ന് കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം പഞ്ചാബ്, ദില്ലിയിലെ നോയിഡ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു. നോയിഡയിൽ പ്രവർത്തിക്കുന്ന എംഡിഎംഎ നിർമ്മാണശാലയുമായി ബന്ധമുള്ളവരാണ് പിടിയിലായ ടാൻസാനിയൻ യുവാവും യുവതിയുമെന്ന് പൊലീസ് അറിയിച്ചു.

ഇവരുടെ ബാങ്ക് അക്കൗണ്ട് വഴി കോടികളുടെ ഇടപാട് നടത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആഡംബര ജീവിതം നയിക്കുന്നവരാണ് പ്രതികള്‍. എന്നാല്‍ ലഹരി ഉപയോഗിക്കുന്നവർ അല്ലെന്നാണ് പിടിയിലായ യുവാവും യുവതിയും പൊലീസിനോട് പറഞ്ഞത്. പ്രതികളിൽ നിന്ന് രണ്ട് ലാപ് ടോപ്, മൂന്ന് മൊബൈൽ ഫോൺ എന്നിവയും പിടിച്ചെടുത്തു.കോഴിക്കോട് ജില്ലയിലെ മറ്റ് ലഹരി കേസുകളിലും സമാന രീതിയിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് അറിയിച്ചു. കേരളത്തിലേക്ക് ആര് ലഹരി കടത്താൻ ശ്രമിച്ചാലും രാജ്യത്ത് എവിടെയാണെങ്കിലും കുറ്റവാളികളെ അവിടെ ചെന്ന് പിടികൂടും. ജില്ലയിൽ ഈ വർഷം ഇതുവരെ 2 കിലോഗ്രാം എംഡി എം.എയും 46 കിലോഗ്രാം കഞ്ചാവും പിടികൂടിയതായി ഡിസിപി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *