Your Image Description Your Image Description

ഇന്ത്യയിൽ അവതരിപ്പിച്ച് മൂന്ന് വർഷം പിന്നിടുമ്പോൾ രണ്ട് ലക്ഷം ഉപഭോക്താക്കളെ സമ്പാദിച്ചിരിക്കുകയാണ് കിയ കാരൻസ്. ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മഹീന്ദ്രയുടെ എം.പി.വിയായ മരാസോയെ പരാജയപ്പെടുത്തിയാണ് കിയ ഈ നേട്ടം കൈവരിച്ചത്. ജൂൺ മാസത്തിൽ കാരൻസിന്റെ ഇലക്ട്രിക് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഇലക്ട്രിക് കാരൻസിന്റെ രൂപകൽപ്പനയിൽ വലിയ മാറ്റങ്ങൾ ഉണ്ടാവില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഹെഡ് ലൈറ്റിലും ഡേടൈം റണ്ണിങ് ലാമ്പിലും ചെറിയ മാറ്റങ്ങളുണ്ടാകും. എൽ.ഇ.ഡി ലൈറ്റ് ബാർ കണക്ട് ചെയ്യുന്ന ടെയിൽ ലാമ്പുകളാകും വാഹനത്തിലുണ്ടാകുക. നിലവിലെ കാരൻസിലുള്ള 16 ഇഞ്ച് ഡ്യൂവൽ ടോൺ അലോയ്‌വീലുകളും വാഹനത്തിലുണ്ടാകും എന്നാണ് വിവരം. കാരൻസിന്റെ പുറം ഭാഗത്തെ ദൃശ്യങ്ങൾ മാത്രമാണ് ഇതുവരെ സ്പൈ ഷോട്ടുകളിലൂടെ പുറത്തുവന്നിട്ടുള്ളത്. എങ്കിലും ഇന്റീരിയറിൽ അഡ്വാൻസ്ഡ് ഫീച്ചറുകൾ ഉൾപ്പെടെയുള്ള കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.

രണ്ടാമത്തെയും മൂന്നാമത്തെയും നിര സീറ്റുകൾക്ക് അടിയിലായിട്ടാവും വാഹനത്തിന്റെ ബാറ്ററി സജ്ജീകരിക്കുന്നത്. നിലവിൽ 1493 സി.സിയിൽ 1 .5 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എൻജിനാണ് കാരൻസിനുള്ളത്. 157 ബി.എച്ച്.പി കരുത്തും 253 എൻ.എം മാക്സിമം ടോർക്കും എൻജിൻ ഉത്പാദിപ്പിക്കുന്നുണ്ട്. നിലവിൽ കിയ കാരൻസിന് 10.60 ലക്ഷം മുതൽ 19.70 ലക്ഷം രൂപവരെയാണ് എക്സ് ഷോറൂം വില. വരാനിരിക്കുന്ന ഇലക്ട്രിക് വകഭേദത്തിന് വിലയിൽ നേരിയ വർധന പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *