Your Image Description Your Image Description

വഡോദര: മദ്യലഹരിയിൽ 20 വയസ്സുള്ള യുവാവ് ഓടിച്ച കാറിടിച്ച് സ്ത്രീ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി ഗുജറാത്തിലെ അമ്രപാലി ചാര്‍ രാസ്തയിലാണ് അപകടം നടന്നത്. അപകടത്തില്‍ ഹേമാലി ബെന്‍ പട്ടേല്‍ എന്ന സ്ത്രീയാണ് മരിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. യുവാവ് അമിതവേഗതയിലാണ് കാറോടിച്ചതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അപകടസ്ഥലത്ത് നിന്ന് പുറത്തുവന്ന ഒരു വീഡിയോയിൽ, അമിതമായി മദ്യപിച്ച ഡ്രൈവർ അപകടത്തിന് ശേഷം കാറിൽ നിന്ന് ഇറങ്ങി ‘മറ്റൊരു ‘ഒരു റൗണ്ട് കൂടി’ എന്നും ‘ഓം നമ:ശിവായ” എന്നും നിലവിളിക്കുന്നത് കാണാം. അതേസമയം സമീപത്തുള്ളവർ അയാളെ പിടികൂടാൻ ശ്രമിക്കുന്നതും, പരിക്കേറ്റവർ നിലത്ത് ചിതറിക്കിടക്കുന്നതും കാണാം.

എം.എസ് സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ഥിയായ രക്ഷിത് രവീഷ് ചൗരസ്യയാണ് കാറോടിച്ചിരുന്നത്. രക്ഷിത് പോലീസ് കസ്റ്റഡിയിലാണ്. അപകടം നടന്നതിന് ശേഷം ഇവരുടെ പിന്നാലെ ആളുകള്‍ ഓടുന്നതും സംസാരിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. യുവാവ് മദ്യലഹരിയിലാണ് വാഹനം ഓടിച്ചിരുന്നത് അതാണ് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടമാകാന്‍ കാരണമായതെന്ന് പൊലീസ് ജോയിന്റ് കമ്മീഷ്ണര്‍ ലീനാ പാട്ടീല്‍ പറഞ്ഞു. കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോള്‍ കാറിൻ്റെ വേഗത 100 കിലോമീറ്ററായിരുന്നു.

ലഭ്യമായ വിവരമനുസരിച്ച്, രക്ഷിത മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാണ് കാർ ഓടിച്ചിരുന്നത്. രണ്ട് സ്കൂട്ടറുകളിൽ വാഹനം ഇടിച്ചു കയറ്റുകയും, യാത്രക്കാരെ ഇടിച്ചു വീഴ്ത്തുകയും, തുടർന്ന് വലിച്ചിഴച്ച് നിർത്തുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. ആ സമയത്ത് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരിലേക്ക് അയാൾ കാർ ഇടിച്ചു കയറ്റുകയായിരുന്നു. ഹേമാനി പട്ടേൽ പ്രായപൂർത്തിയാകാത്ത മകളോടൊപ്പം ഹോളിക്ക് നിറങ്ങൾ വാങ്ങാൻ പോയതായിരുന്നു. അതേസമയം താന്‍ മദ്യപിച്ചിരുന്നില്ലെന്നാണ് രക്ഷിത് അവകാശപ്പെടുന്നത്. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്നും എയര്‍ബാഗ് അപ്രതീക്ഷിതമായി പ്രവര്‍ത്തിച്ചതിനാല്‍ തനിക്ക് മുന്നിലുള്ളതൊന്നും കാണാന്‍ സാധിച്ചില്ലെന്നും രക്ഷിത് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *