Your Image Description Your Image Description

ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് ഹോളി. ആദ്യകാലത്ത് ഉത്തരേന്ത്യയിൽ മാത്രമായിരുന്നു ഹോളി ആഘോഷം എന്നാൽ ഇന്ന് ഹോളി ഇങ്ങ് കേരളത്തിലും ഏറെ ജനകീയമായി.
ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ വർണാഭമായ ആഘോഷമായി ഹോളി മാറിക്കഴിഞ്ഞു.
ഹൈന്ദവ കലണ്ടർ അനുസരിച്ച് ഫാൽഗുന മാസത്തിലെ പൗർണമി ദിവസമാണ് ഹോളി ആഘോഷിക്കുന്നത്. പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയിൽ ഹോളി ആഘോഷം ആരംഭിക്കുന്നു. പിറ്റേന്നാണ് നിറങ്ങൾ ഉപയോഗിച്ചുള്ള യഥാർഥ ഹോളി ആഘോഷം നടക്കുന്നത്. ആഹ്ലാദാരവങ്ങളിൽ പരസ്പരം നിറങ്ങൾ വാരിത്തൂകിയാണ് ഹോളി ആഘോഷം. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്നാണ് വിശ്വാസം. അതിനാൽ, ഈ ആഘോഷത്തെയും പാരമ്പര്യത്തെയും ‘ഹോളി മിലാൻ’ എന്നും വിളിക്കുന്നുണ്ട്.

ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളും ഐതിഹ്യങ്ങളുമാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്. ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്റെ കഥയാണ് മുഖ്യമായും ഹോളിയുടെ അടിസ്ഥാനം. എന്നാൽ കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്റെ ത്യാഗത്തിന്റെ കഥ എന്നിങ്ങനെ ഹോളിയ്ക്ക് ഏറെ ഐതിഹ്യങ്ങൾ പറയപ്പെടുന്നുണ്ട്. ഉത്തരേന്ത്യയിൽ പ്രഹ്ലാദനുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഹോളിയ്ക്ക് ഏറ്റവും പ്രചാരത്തിലുളളത്.

ഉത്തർപ്രദേശിലെ മധുര & വൃന്ദാവൻ
കൃഷ്ണന്റെ ജന്മസ്ഥലമെന്നു വിശേഷിപ്പിക്കപ്പെടുന്ന വൃന്ദാവനത്തിലെ ഹോളി ആഘോഷങ്ങൾ പ്രശസ്തമാണ്.

ഉത്തർപ്രദേശിലെ ബർസാന
രാധയുടെ ജന്മസ്ഥലം എന്നറിയപ്പെടുന്ന ബർസാനയിലും ഹോളി ആഘോഷം പ്രമാദമാണ്. ബർസാനയിലെ ഹോളി ആഘോഷം ഒമ്പത് ദിവസം നീണ്ടുനിൽക്കും.

രാജസ്ഥാനിലെ ജയ്പൂർ
നിറപകിട്ടേറിയതാണ് ജയ്പൂരിലെ ഹോളി ആഘോഷങ്ങൾ. ജയ്പൂർ നഗരത്തിലെ രാജകുടുംബങ്ങളും ഹോളി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു.

ഉദയ്പൂർ, രാജസ്ഥാൻ
ഉദയ്പൂരിൽ ഹോളി ആസ്വദിക്കാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം സിറ്റി പാലസിലെ രാജകീയ ഹോളി പരിപാടിയിൽ പങ്കെടുക്കുക എന്നതാണ്. മേവാർ രാജകുടുംബമാണ് ഇവിടെ ഹോളി ഉത്സവം സംഘടിപ്പിക്കുന്നത്. അലങ്കരിച്ച ആനകളും കുതിരകളും നാടോടി നർത്തകരുമെല്ലാമായി കളർഫുളാണ് ഇവിടുത്തെ ഹോളി.

ഡൽഹി
ഡൽഹിയിലെ പല തെരുവുകളിലും എല്ലാ വർഷവും വലിയ ഹോളി ആഘോഷങ്ങൾ നടക്കുന്നു. ആവേശകരവുമായ ഹോളി ഇവൻ്റുകളും മ്യൂസിക് ഫെസ്റ്റിവലുകളും സംഘടിപ്പിക്കപ്പെടാറുണ്ട്.

ശാന്തിനികേതൻ, വെസ്റ്റ് ബംഗാൾ
വസന്തത്തിൻ്റെ വരവ് ആഘോഷിക്കുന്നതിനായി പശ്ചിമ ബംഗാളിലെ ശാന്തിനികേതനിൽ നടക്കുന്ന ഒരു വാർഷിക പരിപാടിയാണ് വസന്തോത്സവം. വിശ്വഭാരതി സർവകലാശാല സ്ഥിതി ചെയ്യുന്ന ശാന്തിനികേതനിലെ ഹോളി ആഘോഷങ്ങൾ ബസന്ത് ഉത്സവ് എന്നാണ് അറിയപ്പെടുന്നത്. നാടൻ പാട്ടുകൾ, കൾച്ചറൽ പെർഫോമൻസുകൾ എന്നിവയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടും.

ഹംപി, കർണാടക
സൗത്ത് ഇന്ത്യൻ രീതിയിലുള്ള ഹോളി ആഘോങ്ങൾ ഇവിടെ കാണാം. ഹോളിയുടെ തലേന്ന് രാത്രി ഹോളിക ദഹനോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. ഹംപിയിലെ ഹോളി നിറക്കൂട്ടുകൾ വിതറുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ഹംപിയുടെ സമീപ പട്ടണമായ കമലാപൂരിൽ നടക്കുന്ന കാമന ഹബ്ബ ഉത്സവവും ഹോളിയുടെ ഭാഗമാണ്. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച്, നൃത്തംചെയ്യുന്ന നിരവധിയാളുകളെ ഇവിടെ കാണാം.

Leave a Reply

Your email address will not be published. Required fields are marked *