Your Image Description Your Image Description

ഇസ്ലാമാബാദ്: ഓള്‍റൗണ്ടര്‍ ഷഹിദ് അഫ്രീദി തന്റെ കരിയറിൽ നിരവധി തവണ മതം മാറാന്‍ ആവശ്യപ്പെട്ടുവെന്ന് തുറന്നുപറഞ്ഞ് പാകിസ്ഥാന്‍ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. വാഷിങ്ടൺ ഡിസിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് 44 കാരനായ കനേരിയ പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞത്. 2000 മുതല്‍ 2010 വരെ പാകിസ്ഥാന് വേണ്ടി 61 ടെസ്റ്റുകള്‍ കളിച്ച കനേരിയ, അനില്‍ ദല്‍പത്തിന് ശേഷം പാകിസ്ഥാന്‍ ദേശീയ ടീമിന് വേണ്ടി കളിച്ച രണ്ടാമത്തെ ഹിന്ദുവാണ്. പാകിസ്ഥാനില്‍ വേണ്ട ആദരവ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് താന്‍ അമേരിക്കയിലേക്ക് പോയതെന്നും കനേരിയ ആരോപിച്ചു. ടെസ്റ്റുകളില്‍ നിന്ന് കനേരിയ 261 വിക്കറ്റുകളാണ് നേടിയത്.

‘എനിക്ക് ധാരാളം വിവേചനം നേരിടേണ്ടി വന്നു, എന്റെ കരിയര്‍ നശിപ്പിച്ചു. പാകിസ്ഥാനില്‍ എനിക്ക് അര്‍ഹമായ ബഹുമാനവും തുല്യ നീതിയും ലഭിച്ചില്ല. ഈ വിവേചനം കാരണം, ഞാന്‍ ഇന്ന് അമേരിക്കയിലാണ്. ഞങ്ങള്‍ എത്രമാത്രം കഷ്ടപ്പാട് അനുഭവിച്ചു എന്ന് അമേരിക്കയെ അറിയിക്കാനാണ് ഞങ്ങള്‍ സംസാരിച്ചത്.’– കനേരിയ കൂട്ടിച്ചേര്‍ത്തു. 2023ല്‍ ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലും അഫ്രീദിക്കെതിരെ കനേരിയ ആരോപണം ഉന്നയിച്ചിരുന്നു. തന്നെ ഇസ്ലാം മതം സ്വീകരിക്കാന്‍ അഫ്രീദി നിരന്തരം പ്രേരിപ്പിച്ചുവെന്നായിരുന്നു കനേരിയയുടെ തുറന്നുപറച്ചില്‍.

‘എന്റെ കരിയറില്‍ ഞാന്‍ മികച്ച പ്രകടനം കാഴ്ചവച്ചു, കൗണ്ടി ക്രിക്കറ്റും കളിച്ചു. ഇന്‍സമാം-ഉള്‍-ഹഖ് എന്നെ വളരെയധികം പിന്തുണച്ചു, അങ്ങനെ ചെയ്ത ഒരേയൊരു ക്യാപ്റ്റന്‍ അദ്ദേഹമായിരുന്നു. അദ്ദേഹത്തോടൊപ്പം ഷോയിബ് അക്തറും ഉണ്ടായിരുന്നു. അഫ്രീദിയും മറ്റ് നിരവധി പാകിസ്ഥാന്‍ കളിക്കാരും എന്നെ വളരെയധികം ബുദ്ധിമുട്ടിച്ചു, എന്നോടൊപ്പം ഭക്ഷണം കഴിച്ചില്ല. മതം മാറാന്‍ എന്നോട് പറഞ്ഞ പ്രധാന വ്യക്തി അഫ്രീദിയായിരുന്നു. ഇന്‍സമാം-ഉള്‍-ഹഖ് ഒരിക്കലും അങ്ങനെ സംസാരിച്ചിരുന്നില്ല,’- കനേരിയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *