Your Image Description Your Image Description

ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ പരസ്യ വരുമാനത്തിന്റെ കാര്യത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് റിലയൻസിന്റെ ജിയോസ്റ്റാർ. 10 സെക്കൻഡ് പരസ്യത്തിന് 19 ലക്ഷം രൂപ വരെ ഈടാക്കുന്ന ജിയോസ്റ്റാർ, ഈ വർഷത്തെ ഐ.പി.എൽ സീസണിൽ 6000 കോടി രൂപയിലധികം വരുമാനം നേടുമെന്നാണ് വിപണി വിദഗ്‌ധർ പ്രവചിക്കുന്നത്.മാർച്ച് 22-ന് ആരംഭിക്കുന്ന ഐ.പി.എൽ 2025, ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ടീം സ്പോൺസർഷിപ്പുകൾ, ഗ്രൗണ്ട് പരസ്യങ്ങൾ എന്നിവയിലൂടെ മൊത്തം 6000 മുതൽ 7000 കോടി രൂപ വരെ വരുമാനം സൃഷ്ടിക്കുമെന്നാണ് കണക്ക്.

ഇതിൽ ഏറിയ പങ്കും ജിയോസ്റ്റാറിൻ്റെ പോക്കറ്റിലേക്കാണ് എത്തുക. ഐ.പി.എൽ ടിവി, ഡിജിറ്റൽ അവകാശങ്ങൾ കൈവശമുള്ള ജിയോസ്റ്റാർ, ഈ സീസണിൽ 4500 കോടി രൂപയോളം വരുമാനം ലക്ഷ്യമിടുന്നു.കഴിഞ്ഞ വർഷം ഐ.പി.എല്ലിൽ നിന്ന് 3900 കോടി രൂപ വരുമാനം നേടിയ ജിയോസ്റ്റാർ, ഈ വർഷം 58 ശതമാനം വർധനവാണ് പ്രതീക്ഷിക്കുന്നത്.

ഇതിനോടകം 90 ശതമാനം പരസ്യ ഇൻവെൻ്ററികളും വിറ്റഴിഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാത്രമല്ല, ഐ.പി.എൽ ടീമുകൾക്ക് ടീം സ്പോൺസർഷിപ്പുകളിൽ നിന്ന് 1300 കോടി രൂപ വരെ ലഭിക്കുമെന്നും, ബി.സി.സി.ഐയ്ക്ക്
സ്പോൺസർഷിപ്പുകളിൽ നിന്ന് 800 മുതൽ 900 കോടി രൂപ വരെ കിട്ടുമെന്നും വിലയിരുത്തലുകൾ വ്യക്തമാക്കുന്നു. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്‌സ്, ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തുടങ്ങിയ പ്രമുഖ ടീമുകൾക്ക് ഓരോന്നിനും 100 മുതൽ 150 കോടി രൂപ വരെ സ്പോൺസർഷിപ്പ് വരുമാനം ലഭിക്കുമെന്നാണ് കണക്കുകൾ. ഈ സാമ്പത്തിക വളർച്ച ഐ.പി.എല്ലിനെ ലോകത്തിലെ ഏറ്റവും ലാഭകരമായ ക്രിക്കറ്റ് ലീഗുകളിൽ ഒന്നായി ഉയർത്തുന്നു.
ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് 1500 കോടി രൂപയും ഐ.പി.എല്ലിൽ നിന്ന് 4500 കോടി രൂപയും ഉൾപ്പെടെ മൊത്തം 6000 കോടി രൂപയാണ് ജിയോസ്റ്റാർ ഈ വർഷം ലക്ഷ്യമിടുന്നത്.

പരസ്യദാതാക്കൾക്കിടയിൽ ഐ.പി.എൽ ജനപ്രീതി വർധിച്ചതും ഡിജിറ്റൽ വീക്ഷണത്തിൻ്റെ വളർച്ചയും ഈ വരുമാന വർധനവിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഐ.പി.എൽ 2025 സീസൺ ആരാധകർക്ക് ആവേശവും ബിസിനസ്സ് ലോകത്തിന് ലാഭവും സമ്മാനിക്കുമെന്നത് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *