Your Image Description Your Image Description

മദീന: മദീനയിലെ പ്രവാചകപ്പള്ളിയെലെത്തുന്ന കുട്ടികൾക്കായി ട്രാക്കിങ് ബ്രേസ്ലെറ്റ് സംവിധാനം ഏർപ്പെടുത്തി. കുട്ടികളെ നഷ്ടപ്പെട്ടാൽ കുടുംബങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് വേരിഫിക്കേഷൻ കോഡ് വഴി വിവരങ്ങൾ ലഭിക്കും. റമാദാനിലെ തിരക്കിൽ കുട്ടികളെ നിരീക്ഷിക്കുന്നതിനും രക്ഷിതാക്കൾ പ്രാർത്ഥന നിർവഹിക്കുമ്പോൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. പള്ളിയിലെ നിരവധി ഇടങ്ങളിൽ ഈ സേവനം ലഭ്യമാണെന്ന് പ്രവാചക പള്ളിയുടെ സംരക്ഷണ ചുമതലയുള്ള ജനറൽ അതോറിറ്റി അറിയിച്ചു.

പള്ളിയുടെ വടക്കും തെക്കും ഭാ​ഗങ്ങളിലുള്ള സേവന കേന്ദ്രങ്ങളിലും വടക്കുകിഴക്കൻ ഭാ​ഗത്തുള്ള കുട്ടികളുടെ ഹോസ്പിറ്റാലിറ്റി സെന്ററിലും ഈ സേവനം ലഭ്യമാണ്. റമദാനിൽ പള്ളിയിലേക്കെത്തുന്ന വിശ്വാസികളുടെയും സന്ദർശകരുടെയും തിരക്ക് കണക്കിലെടുത്ത് എല്ലാവിധ മുന്നൊരുക്കങ്ങളും അധികൃതർ നടത്തിയിരുന്നു. പള്ളിയിലെത്തുന്ന വിശ്വാസികൾക്ക് യാതൊരു വിധ തടസ്സങ്ങളും കൂടാതെ പ്രാർത്ഥനാ കർമങ്ങൾ നിർവഹിക്കുന്നതിന് വിപുലമായ സൗകര്യമാണ് ഒരുക്കിയിരുന്നത്.

വിശുദ്ധ ഖുർആൻ മനപാഠമാക്കുന്നതിനായി നൂതനവും ഉയർന്ന നിലവാരത്തിലുള്ളതുമായ 220 സെഷനുകൾ, വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ഖുർആൻ പഠിക്കുന്നതിനായി 10 ഭാഷകളിൽ പണ്ഡിത കോഴ്സുകൾ എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ​ഗതാ​ഗതം സു​ഗമമാക്കുന്നതിനായി ​ന​ഗരത്തിലെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് ഷട്ടിൽ ബസ് സർവീസുകളും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *