Your Image Description Your Image Description

തിരുവനന്തപുരം : ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന സ്ത്രീകളുടെ പരിരക്ഷ ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇടപെടൽ നടത്തണമെന്ന് കേരളവനിതാ കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ. പി സതീദേവി പറഞ്ഞു. വനിതാ കമ്മീഷന്റെ ജില്ലാതല അദാലത്തിന് ശേഷം കലക്ടറേറ്റിൽ സംസാരിക്കുകയായിരുന്നു അവർ. ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമുള്ളതോ വിധവയോ അവിവാഹിതയോ ആയ സ്ത്രീകൾ സ്വത്തിന്റെ പേരിലും മറ്റും പലവിധ ചൂഷണങ്ങൾക്ക് ഇരയാകുന്നു. മുതിർന്ന സ്ത്രീകൾക്ക് വൈകാരികമായി ബന്ധമുള്ള കാര്യങ്ങളിലാവും ശല്യപ്പെടുത്തലുകൾ ഉണ്ടാവുന്നത്. ഇവർ വലിയ മാനസിക സംഘർഷം നേരിടുന്നുണ്ട്. മോശം അനുഭവം ഉണ്ടാകുന്ന ഇത്തരം പരാതികൾ കൂടിവരുകയാണ്. ഇതിനെതിരെ വാർഡ്തല ജാഗ്രതാ സമിതികൾ ശക്തമായ ഇടപെടൽ നടത്തണമെന്നും ചെയർപേഴ്‌സൺ പറഞ്ഞു.

എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് നിയമനം നടത്തണമെന്നും ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് കർശന നിലപാട് സ്വീകരിക്കണമെന്നും അവർ നിർദേശിച്ചു. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി നിയമനങ്ങൾ നടക്കുന്നുണ്ട്. താൽക്കാലിക നിയമനം ആയിട്ടാണെങ്കിൽ കൂടി ദിവസവേതനം എന്ന രീതിയിലല്ല പരിഗണിക്കുന്നത്. തെറ്റിദ്ധരിപ്പിച്ച് നിയമനം നൽകി മാസങ്ങളോളം ജോലിയിൽ നിർത്തിയ ശേഷം പറഞ്ഞുവിടുന്ന നിലയാണുള്ളത്.

അൺഎയ്ഡഡ് സ്ഥാപനങ്ങളിൽ കുറേയധികം നാൾ ജോലി ചെയ്യിപ്പിച്ചതിനുശേഷം പ്രകടനം ശരിയല്ല എന്ന കാരണം പറഞ്ഞ് ഒഴിവാക്കുന്ന അവസ്ഥയും ഉണ്ട്. ഇത്തരത്തിലുള്ള ചൂഷണത്തിന് വിധേയരാകുന്നതിൽ 99 ശതമാനം പേരും സ്ത്രീകളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചൂഷണങ്ങൾക്ക് വിധേയരാകുന്ന സ്ത്രീകളുടെ അവസ്ഥ സംബന്ധിച്ച് കൃത്യമായ ഇടപെടൽ വിദ്യാഭ്യാസ വകുപ്പ് നടത്തേണ്ടതുണ്ടെന്നും കമ്മീഷൻ പറഞ്ഞു.

കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന വനിതാ കമ്മീഷൻ ജില്ലാതല സിറ്റിംഗിൽ പരിഗണിച്ച 51 പരാതികളിൽ ഒൻപത് എണ്ണം തീർപ്പാക്കി. ഏഴ് പരാതികളിൽ പോലീസിന്റെ റിപ്പോർട്ട് തേടി. രണ്ട് പരാതികൾ ജാഗ്രതാസമിതിയുടെ റിപ്പോർട്ടിനായും മറ്റ് രണ്ട് പരാതികൾ ഡിഎൽസിക്കും കൈമാറി. 31 പരാതികൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും. പുതുതായി ഒരു പരാതി ലഭിച്ചു. വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ. പി സതീദേവി, അംഗം അഡ്വ. പി കുഞ്ഞായിഷ, അഡ്വ. ചിത്തിര ശശിധരൻ, അഡ്വ. കെ.പി ഷിമ്മി, കൗൺസിലർ അശ്വതി രമേശൻ, വനിതാസെൽ എഎസ്ഐ കെ.ഷീബ, കണ്ണൂർ ടൗൺ സിപിഒ എം.വി ഷിജി, കണ്ണൂർ ടൗൺ എഎസ്ഐ വിനയൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *