കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ടെലഗ്രാം ഉപയോഗിക്കുന്നതും സിനിമകളുടെ വ്യാജപതിപ്പ് കാണുന്നതെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തന്. ഒടിടിയില്‍ സിനിമകളുടെ ബിസിനസ് കുറയുന്നത് പ്രധാന കാരണം ഇതാണ്. പ്രേക്ഷകര്‍ വ്യാജ പതിപ്പുകള്‍ കാണുന്നത് ഒഴിവാക്കുക മാത്രമാണ് ഇതിന് പ്രതിവിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ബോംബെയില്‍ നിന്നുള്ള ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ ടെലഗ്രാം ഉപയോഗിക്കുന്ന സംസ്ഥാനം കേരളം ആണ്. ഏറ്റവും കൂടുതല്‍ വ്യാജ പതിപ്പുകള്‍ കാണുന്ന ഇന്‍ഡസ്ട്രിയും കേരളം ആണ്. അതിനെ നമ്മുക്ക് എങ്ങനെയാണ് നിയന്ത്രിക്കാന്‍ പറ്റുക എന്നതറിയില്ല. സ്വയം തീരുമാനിക്കേണ്ടതാണ് അതെല്ലാം. ഒടിടി വരുമാനം കുറയുന്നതിന്റെ പ്രധാന കാരണമായി അവര്‍ ആരോപിക്കുന്നത് വ്യാജ പതിപ്പുകള്‍ ആണ്. ഇതിനെ നിയമപരമായി നിയന്ത്രിക്കുന്നതില്‍ ഒരുപാട് പരിധികള്‍ ഉണ്ട്. എന്നാലും എല്ലാവരും ഒരുമിച്ച് നിന്നാല്‍ ചില സൈറ്റുകള്‍ ഇല്ലാതാക്കാന്‍ പറ്റും. നമ്മള് ക്വാളിറ്റി ഉള്ളവരായി മാറുക ഒരോ പ്രേക്ഷകനും ഇത്തരം വ്യാജ പതിപ്പുകള്‍ കാണുന്നത് ഒഴിവാക്കുക എന്നതാണ് ചെയ്യാന്‍ പറ്റുന്ന കാര്യം,’ ദിലീഷ് പോത്തന് പറഞ്ഞു.