Your Image Description Your Image Description

മനസ്സർപ്പിച്ച് വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ആറ്റുകാലമ്മ മനസ്സറിഞ്ഞ് തന്റെ ഭക്തരെ സഹായിക്കുന്നു. അനേകായിരങ്ങളുടെ അനുഭവമാണിത്. ഐശ്വര്യത്തിനും ഇഷ്ടകാര്യസിദ്ധിക്കും അമ്മയ്ക്ക് പൊങ്കാല അർപ്പിച്ചാൽ മതിയെന്ന് പറയപ്പെടുന്നു. സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന തിരുവനന്തപുരം ആറ്റുകാൽ ദേവീക്ഷേത്രത്തിൽ വീണ്ടുമൊരു പുണ്യനാൾ എത്തിച്ചേർന്നിരിക്കുകയാണ്. ഇന്ന് ആറ്റുകാൽ പൊങ്കാല. നഗരത്തിൽ അടക്കം വളരെ വിഫലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന ദിവസമാണ് ആറ്റുകാൽ പൊങ്കാല. 9.45 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ് പൊങ്കാല ആഘോഷങ്ങളുടെ തുടക്കം. 10.15 നാണ് അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം. പൊങ്കാല അർപ്പിക്കാൻ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് നാടും നഗരവും. സ്മാർട്ട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകൾ പാകിയ ഭാഗത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ അഭ്യർത്ഥിച്ചിട്ടുണ്ട്. കൊടുംവേനൽ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിർദ്ദേശമുണ്ട്. ഇന്ന് ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. ഹരിതചട്ടങ്ങൾ പൂർണമായും പാലിക്കണം. പൊങ്കാല ദിവസം 4500 പോലീസുകാരെയാണ് സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. ഷാഡോ, മഫ്തി പോലീസുകാരെയും വനിതാ പോലീസുകാരെയും വിന്യസിക്കും. കന്യാകുമാരിയിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്തും പുറത്തും നിരീക്ഷണം നടത്താനായി നൂറോളം സിസിടിവി കാമറകൾ സജ്ജമാക്കിയിട്ടുണ്ട്. നഗരത്തിൻ്റെ വിവിധ മേഖലകളിലും പോലീസ് സിസിടിവി കാമറകളിലൂടെ നിരീക്ഷണം നടത്തും. കൂടാതെ, നഗരത്തെ ആറ് പ്രത്യേക മേഖലകളായി തിരിച്ചു ഡ്രോൺ നിരീക്ഷണവും നടത്തും. പൊങ്കാല ദിവസം പ്രത്യേക പാസുള്ള പുരുഷന്മാർക്ക് മാത്രമാണ് ക്ഷേത്ര കോംപൗണ്ടിലേക്ക് പ്രവേശനാനുമതി. സ്ത്രീകളും കുട്ടികളും വിലപിടിപ്പുള്ള സാധനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പോലീസ് നി‍‍ർദേശിച്ചു. ആറ്റുകാൽ പൊങ്കാല ഇത്തവണയും പൂർണമായും ഹരിതചട്ടങ്ങൾ പാലിച്ച് നടത്താനുള്ള ഒരുക്കങ്ങൾ ശുചിത്വമിഷൻ പൂർത്തിയാക്കി. തിരുവനന്തപുരം കോർപറേഷനും വിവിധ സർക്കാർ വകുപ്പുകൾക്കുമൊപ്പം ശുചിത്വ മിഷനും ഹരിത പൊങ്കാല സുഗമമായും സൗകര്യപ്രദമായും നടത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യുവി ജോസ് അറിയിച്ചു.
പൊങ്കാല ഇടുമ്പോൾ ശ്രദ്ധിക്കാൻ
1. അടുപ്പ് മണ്ണെണ്ണ പോലുള്ള ദ്രവ ഇന്ധനങ്ങൾ ഉപയോഗിച്ച് കത്തിക്കരുത്.
2. പെട്രോൾ പന്പുകൾ, ട്രാൻസ്ഫോർമറുകൾ എന്നിവയ്ക്ക് സമീപം അടുപ്പ് കത്തിക്കരുത്
3. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ചു മാത്രം അടുപ്പ് കത്തിക്കുക
4. പൊങ്കാലയിടുന്ന ഒരാൾക്ക് പിന്നിലായി മറ്റൊരു അടുപ്പ് വരാതിരിക്കാൻ ശ്രദ്ധിക്കണം
5. ഭക്തജനങ്ങൾ മുഖാമുഖമായി നിൽക്കുന്ന നിലയിൽ അടുപ്പുകൾ ക്രമീകരിക്കുക
6. സാരി, ഷാൾ, അയഞ്ഞ വസ്ത്രങ്ങൾ എന്നിവ ശരീരത്തോട് ചേർത്ത് ചുറ്റിവയ്ക്കുക.
7. അത്യാവശ്യമുണ്ടായാൽ തീ അണയ്ക്കുന്നതിന് സമീപത്ത് വെള്ളം കരുതുക.
8. പെർഫ്യൂം ബോട്ടിലുകൾ, സാനിറ്റൈസറുകൾ എന്നിവ കൈവശം വയ്ക്കരുത്.
9. ഹൈഡ്രജൻ ബലൂണുകളും സമാന വസ്‌തുക്കളും തീർത്തും ഒഴിവാക്കുക
10. അടുപ്പ് കത്തിക്കുന്നതിനു മുൻപായി അധികമുള്ള വിറക് സുരക്ഷിതമായി മാറ്റിവയ്ക്കുക
11. പൊങ്കാലയ്ക്ക് ശേഷം അടുപ്പ് പൂർണമായി അണഞ്ഞതായി ഉറപ്പാക്കിയ ശേഷം മാത്രം സ്ഥാനം വീട്ടുപോകുക.
12. വസ്ത്രങ്ങളിൽ തീപിടിച്ചാൽ നിലത്തു കിടന്ന് ഉരുളുക. സമീപത്ത് നിൽക്കുന്നവർ വെള്ളമൊഴിച്ചോ കട്ടിയുള്ള തുണികൊണ്ട് മൂടിയോ തീ അണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *