Your Image Description Your Image Description

ഐസിസി ചാംപ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ‌ ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റിന് 251 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ആറ് പന്തും നാല് വിക്കറ്റും ബാക്കി നിര്‍ത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

എന്നാൽ ഇപ്പോഴിതാ ഇന്ത്യയുടെ കിരീട നേട്ടത്തിന് പിന്നാലെ വലിയ വിമര്‍ശനം നേരിടുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യയ്ക്ക് കിരീടം സമ്മാനിക്കുന്ന ചടങ്ങിൽ‌ പിസിബിയുടെ ഭാരവാഹികളില്‍ ആരും പങ്കെടുക്കാത്തതാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഉദ്യോഗസ്ഥരോടൊപ്പം ഫൈനലിൽ കളിക്കുന്ന ടീമുകളുടെ ബോർഡ് അംഗങ്ങളും പങ്കെടുത്തെങ്കിലും സമ്മാനദാന ചടങ്ങിൽ ആതിഥേയ ബോർഡിന്റെ ഉദ്യോഗസ്ഥർ ആരും ഉണ്ടായിരുന്നില്ല.

ആതിഥേയരെന്ന നിലയില്‍ പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാരവാഹികള്‍ ട്രോഫി വിതരണ സമയത്ത് വേദിയിൽ ഉണ്ടാവേണ്ടതായിരുന്നു. എന്നാല്‍ ഇന്ത്യ കപ്പ് നേടിയതോടെ ചെയർമാൻ മൊഹ്‌സിൻ നഖ്‌വി ഉൾപ്പെടെ പിസിബിയുടെ ഭാരവാഹികള്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഇതാണ് വിവാദത്തിന് തുടക്കമിട്ടത്. ആരാധകര്‍ പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ഇന്ത്യയ്ക്ക് ട്രോഫി സമ്മാനിക്കുന്ന വേദിയിൽ നിന്ന് പിസിബി അധികൃതർ വിട്ടുനിന്നത് മോശമായിപ്പോയെന്നാണ് ആരാധകരിൽ ചിലർ പറയുന്നത്. ഇന്ത്യ കപ്പ് നേടിയതിലുള്ള നിരാശയാണോ ഇതെന്നും ഇത്രയും അസൂയ എന്തിനാണെന്നും ആരാധകര്‍ ചോദിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *