Your Image Description Your Image Description

തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ പലപ്പോഴും വെളിച്ചം കാണാറില്ല. ഇനി ആരെങ്കിലും അതിനു തുനിഞ്ഞാൽ അവർ അനുഭവിക്കാൻ പോവുന്നത് വളരെ വലിയ പ്രശ്നമായിരിക്കും. സാധാരണ തൊഴിലിടങ്ങൾ പോലെയല്ല സിനിമാ മേഖല. അവിടെ ഇതിൽ നിന്നുമൊക്കെ വല്ലാതെ വ്യത്യസ്തമാണ് കാര്യങ്ങൾ. എന്നാൽ ഇതിനൊക്കെ മാറ്റം കുറിച്ച് കൊണ്ട് മുൻ നിര നായകന്മാരെ വെല്ലുവിളിച്ചു കൊണ്ട് ധൈര്യസമേതം അവർക്കെതിരെ പരാതിയുമായി ഒരു പാഠം സ്ത്രീകൾ രംഗത്ത് വന്നിരുന്നു. ആളുകളെല്ലാം അവരെ അഭിനന്ദിക്കുകയുംചെയ്തു. പക്ഷെ നമ്മുടെ നിയമത്തിന്റെ വേഗത ഒച്ചിനെക്കാൾ കഷ്ടമായതു കൊണ്ട് തന്നെ ആര് വര്ഷം കഴിഞ്ഞു കേസ് മുന്നോട്ട് വന്നപ്പോഴേക്കും എല്ലാം ആറിയ കഞ്ഞി പഴങ്കഞ്ഞി ആയിട്ടുണ്ടായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എടുത്ത ഭൂരിഭാഗം കേസുകളും പ്രതിസന്ധിയിലാണെന്നും ഇതുകാരണം പല സൂപ്പർ താരങ്ങളും കേസിൽ നിന്നും രക്ഷപ്പെടുമെന്നുമാണ് കേൾക്കുന്നത് . മൊഴി നൽകാൻ പരാതിക്കാർ തയാറാകാത്തതോടെ കേസുകളിൽ അന്വേഷണസാധ്യതയില്ലെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയെ അറിയിക്കും. അങ്ങനെയെങ്കിൽ 35 കേസുകളിൽ 30 കേസുകളും ഇത്തരത്തിൽ എഴുതിത്തള്ളേണ്ടിവരും. ഇതിൽ പല പ്രമുഖരും ഉൾപ്പെടുമെന്നാണ് കേൾക്കുന്നത് .സിനിമയിലെ പീഡനവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം നിലവിൽ 80 കേസുകളാണ് എടുത്തത്. ഇതിൽ ഹേമ കമ്മിറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 35 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നേരിട്ട് പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ച പരാതികളിൽ മറ്റു കേസുകളും റജിസ്റ്റർ ചെയ്തിരുന്നു. പരാതിക്കാർ പോലീസിന് മുന്നിൽ മൊഴി നൽകിയില്ലെങ്കിലും സംഭവം അറിഞ്ഞ സാഹചര്യത്തിൽ എഫ് ഐ ആർ ഇട്ട് അന്വേഷണം നടത്താമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. അതുകൊണ്ട് എഫ് ഐ ആർ ഇട്ട കേസുകൾ പോലും ഇനി എഴുതി തള്ളുകയെ നിവൃത്തിയുള്ളു .
നേരിട്ട് പരാതിപ്പെട്ട കേസുകളിൽ കുറ്റപത്രവുമായി മുന്നോട്ടുപോകും. കമ്മിറ്റിയോട് ദുരനുഭവം വെളിപ്പെടുത്തിയവരെ പൊലീസ് പലതവണ വിളിച്ചെങ്കിലും ആരും മൊഴി നൽകാൻ തയാറല്ല. നിർബന്ധിച്ച് മൊഴിയെടുക്കരുതെന്നു ഹൈക്കോടതിയും അന്വേഷണസംഘത്തിന് നിർദേശം നൽകിയിരുന്നു. 6 വർഷം മുൻപാണ് ഹേമ കമ്മിറ്റിയോട് കാര്യങ്ങൾ പറഞ്ഞത്. അന്നത്തെ സാഹചര്യം മാറി, കേസിന് താൽപര്യമില്ലെന്നുമാണ് പലരുടേയും നിലപാട്.

അവസാന വഴിയെന്ന നിലയിൽ മൊഴി ആവശ്യപ്പെട്ട് പൊലീസ് കോടതി വഴി നോട്ടിസ് അയച്ചിരുന്നെങ്കിലും ഇതുവരെയും മറുപടി ലഭിച്ചട്ടില്ല. ഈ മാസവും മറുപടി ലഭിച്ചിട്ടില്ലെങ്കിൽ അന്വേഷണത്തിന് സാധ്യതയില്ലെന്ന് കാണിച്ച് കോടതിയിൽ റിപ്പോർട്ട് നൽകും. അങ്ങനെ ആ എഫ് ഐ ആർ എല്ലാം എഴുതി തള്ളാനാണ് സാധ്യത . സിനിമയിലെ ചില ലോബികളുടെ സമ്മർദ്ദമാണ് ഇതിനെല്ലാം കാരണമെന്ന വിലയിരുത്തൽ സജീവമാണ്. മാർച്ച് 30നകം നടപടി ക്രമങ്ങൾ അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. 30ലധികം കേസുകളുടെ തുടർ നടപടികൾ ഇതോടെ അവസാനിക്കുമെന്നും മൊഴി നൽകിയിട്ടുള്ള കേസുകളിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും എന്നുമാണ് റിപ്പോർട്ട്.
പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണസംഘം കേസുകൾ രജിസ്റ്റർചെയ്തത്. പരാതിപ്രകാരമുള്ള ഒൻപത് കേസുകളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകുകയുമുണ്ടായി. എന്നാൽ, ഹേമ കമ്മിറ്റിക്ക് മുൻപാകെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസുകളിൽ പോലീസിന് മൊഴിനൽകാൻ പലരും തയ്യാറാകുന്നില്ല. രഹസ്യമൊഴി നൽകാൻ കോടതിയിൽ എത്തിയവരിൽ ചിലർ കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുമില്ല.

ഏതൊക്കെ കേസുകളിൽ കോടതിയിൽ റഫർ റിപ്പോർട്ട് നൽകണമെന്ന് അടുത്തദിവസം ചേരുന്ന അവലോകനയോഗത്തിൽ തീരുമാനിച്ചേക്കും. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഉയർന്ന പരാതികളിൽ മുകേഷ്, സിദ്ദീഖ്, ജയസൂര്യ തുടങ്ങിയ നടന്മാരെ പ്രതികളാക്കി കേസുകൾ രജിസ്റ്റർചെയ്തിരുന്നു. പിന്നീട് കോടതി നിർദേശത്തെത്തുടർന്ന് കമ്മിറ്റി റിപ്പോർട്ടിലെ മൊഴിപ്രകാരം കേസുകളെടുക്കുകയായിരുന്നു .

ഇതുകൊണ്ടൊക്കെയാണ് പലരും പ്രതികരിക്കാതിരിക്കുന്നത്. ഒരാൾ പ്രതികരിക്കാൻ തീരുമാനിച്ചു കഴിഞ്ഞാൽ അയാൾ മനസ്സിൽ അനുഭവിക്കുന്ന സങ്കര്ഷം ചില്ലറയൊന്നുമല്ല, അപ്പുറത്തുള്ളവർ സമൂഹത്തിൽ നിലയും വിലയുമുള്ളവർ ആണെങ്കിൽ പ്രത്യേകിച്ചും. അതിനെ തുടർന്ന് സമൂഹത്തിലും ജോലി സ്ഥലത്തും അവർ പിന്നീട് അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾക്ക് കയ്യും കണക്കുമുണ്ടാവില്ല. പക്ഷെ നിയമത്തിന്റെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള സമീപനമാണെങ്കിൽ പീഡനവും അക്രമവുമൊക്കെ എത്ര നടന്നാലും ആരും പരാതിപ്പെടാൻ ധൈര്യമില്ലാത്തവരായി മാറും. ജീവനിൽ പേടിയില്ലാത്ത മനുഷ്യരില്ലല്ലോ..

Leave a Reply

Your email address will not be published. Required fields are marked *