Your Image Description Your Image Description

ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനലിനുള്ള പിച്ച് തെരഞ്ഞെടുത്ത് ഐസിസി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടന്ന അതേ പിച്ച് തന്നെയാണ് ഫൈനലിനും ഐസിസി തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ആകെയുള്ള ഏഴ് പിച്ചുകളില്‍ ഏറ്റവും മധ്യത്തിലുള്ളതാണ് ഇന്ത്യ-പാക് മത്സരത്തിന് ഉപയോഗിച്ചത്. പിച്ച് ഒരുക്കുന്നതിന്‍റെ ഭാഗമായി ഗ്രൗണ്ടിന്‍റെ മധ്യത്തിലുള്ള വിക്കറ്റ് നനക്കുന്നത് അടക്കമുള്ള നടപടികള്‍ അധികൃതര്‍ തുടങ്ങിക്കഴിഞ്ഞു. ഇതേ വിക്കറ്റ് തന്നെയായിരിക്കും ഫൈനലിനും ഉപയോഗിക്കുക.

ഉപയോഗിച്ച പിച്ചിൽ മത്സരം വീണ്ടും നടത്താൻ രണ്ടാഴ്ച സമയം വേണമെന്നാണ് ദുബായ് ഇന്‍റർ നാഷണൽ സ്റ്റേഡിയത്തിലെ ചട്ടം. ഇതനുസരിച്ച് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടന്ന കഴിഞ്ഞ മാസം 23ന്ശേഷം സെന്‍റര്‍ വിക്കറ്റില്‍ മത്സരങ്ങളൊന്നും നടത്തിയിരുന്നില്ല. ഇന്ത്യ നാല് മത്സരങ്ങള്‍ ഇവിടെ കളിച്ചപ്പോഴും നാലും വ്യത്യസ്ത പിച്ചുകളിലായിരുന്നു. ഇതാദ്യമായാണ് ടൂർണമെന്‍റില്‍ നേരത്തെ കളിച്ച പിച്ചില്‍ ഇന്ത്യ വീണ്ടും കളിക്കാനിറങ്ങുന്നത്.

ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഇന്‍റര്‍നാഷണല്‍ ലീഗ് ടി20 മത്സരം നടന്ന പിച്ചില്‍ രണ്ടാഴ്ച്ചത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ-ബംഗ്ലാദേശ് മത്സരം നടന്നത്. രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് നേരിയ മുൻതൂക്കമുള്ളതിനാൽ ടോസിലെ ഭാഗ്യവും ഫൈനലിൽ നിർണായകമായേക്കും. കഴിഞ്ഞ 14 മത്സരങ്ങളില്‍ ടോസ് ജയിച്ചിട്ടില്ലെന്നത് മാത്രമാണ് ഇന്ത്യയെ ആശങ്കപ്പെടുന്ന കാര്യം.

Leave a Reply

Your email address will not be published. Required fields are marked *