Your Image Description Your Image Description

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തേടി വീണ്ടും നിരാശാജനകമായ വാര്‍ത്തയെത്തിയിരിക്കുകയാണ്. കേരള ബ്ലാസ്‌റ്റേഴ്‌സില്‍ തുടരുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ടീം ക്യാപ്റ്റനും ആരാധകരുടെ പ്രിയപ്പെട്ട താരവുമായ അഡ്രിയാന്‍ ലൂണ. അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിന് വേണ്ടി കളിക്കുന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ പറ്റില്ലെന്നായിരുന്നു ലൂണയുടെ പ്രതികരണം.

ഐഎസ്എല്ലിൽ മുംബൈയ്‌ക്കെതിരെ കൊച്ചിയില്‍ നടന്ന മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലൂണ. ക്ലബ്ബുമായി തനിക്ക് ഇനിയും കരാര്‍ ബാക്കിയുണ്ടെന്നും ഇവിടെ താന്‍ സന്തുഷ്ടനാണെന്നുമാണ് ലൂണ പറഞ്ഞത്. ഭാവി പരിപാടികള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും ക്ലബ്ബില്‍ തുടരുന്ന കാര്യം സീസണ്‍ അവസാനിച്ചതിന് ശേഷം തീരുമാനിക്കുമെന്നും ലൂണ പറഞ്ഞു.

‘ഞാന്‍ ഇവിടെ സന്തുഷ്ടനാണ്. ക്ലബ്ബുമായി എനിക്ക് ഇനിയും കരാര്‍ ബാക്കിയുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള സീസണിന് ശേഷം ഇവിടെ തുടരണോ വേണ്ടയോ എന്ന് വീണ്ടും ആലോചിക്കുകയും വിലയിരുത്തുകയും വേണം, ക്ലബും സീസണെ കുറിച്ച് മറ്റു പലതും കാര്യമായി അവലോകനം ചെയ്യേണ്ടതുണ്ട്’, ലൂണ പറഞ്ഞു.

2027 വരെയാണ് 32കാരനായ ഉറുഗ്വെ താരത്തിന് ബ്ലാസ്റ്റേഴ്സുമായി കരാറുള്ളത്. ഓസ്ട്രേലിയയിലെ എ ലീഗ് ക്ലബ്ബായ മെല്‍ബണ്‍ സിറ്റി എഫ്സിയില്‍ നിന്ന് 2021ലാണ് അഡ്രിയാന്‍ ലൂണ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. ആദ്യ സീസണില്‍ തന്നെ ടീമിന്റെ എക്കാലത്തേയും സൂപ്പര്‍താരങ്ങളില്‍ ഒരാളായി മാറാന്‍ ലൂണക്ക് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *